തിരുവനന്തപുരം: ഗവര്‍ണറുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കലാപം ഉണ്ടാക്കാന്‍ എസ്എഫ്ഐ ഡിവൈഫ്ഐ നീക്കം. ഗവര്‍ണറെ ആക്രമിക്കുമെന്ന് കാട്ടി എസ്എഫ്ഐ പരസ്യമായ മുന്നറിയിപ്പുമായി രംഗത്ത് വന്നു. ഡിവൈഎഫ്ഐ ആകട്ടെ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തി കലാപാഹ്വാനം നടത്താനുള്ള നീക്കം തുടങ്ങി.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടന ഗവര്‍ണ്ണറെ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ നേതൃത്തില്‍ ഭീഷണി സന്ദേശം ഉള്‍ക്കൊള്ളുന്ന ബാനറുയര്‍ത്തി പ്രകടനം നടത്തി. ‘സിപിയെ വെട്ടിയ നാടാണേ….’ എന്ന് സര് സി.പി. രാമസ്വാമി അയ്യരെ വെട്ടിയത് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. ഗവര്‍ണ്ണര്‍ക്കെതിരെ അക്രമം അഴിച്ചുവിടുമെന്ന തരത്തിലുള്ളതാണ് ബാനറിലെ വാചകങ്ങള്‍.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബദ്ധിപ്പിച്ച് തെരുവില്‍ ഇറക്കി പ്രകടനം നടത്തി. ഇതിനു ശേഷം ഗവര്‍ണ്ണറുടെ കോലവും കത്തിച്ചു. പോലീസ് ഇതെല്ലാം നോക്കി നിന്നു. ഇതിനുശേഷം പ്രകടനമായി യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയ പ്രവര്‍ത്തകര്‍, ഗേറ്റിനു മുകളില്‍ ബാനര്‍ കെട്ടി. ‘ഹിറ്റ്ലര്‍ തോറ്റു, മുസോളിനി തോറ്റു, സര് സിപിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ്ഖാന്’ എന്നെഴുതിയ ബാനറാണ് യൂണിവേഴ്സിറ്റി ഗേറ്റില്‍ കെട്ടിയത്. സംസ്കൃത കോളജിലും ഗവര്‍ണ്ണറെ ആക്രമിക്കുമെന്ന തരത്തിലുള്ള ബാനര്‍ കെട്ടി.
കോളജുകളിലെയും സര്‍വ്വകലാശാലയിലെയും ഇടത് യൂണിയനിലെ ജീവനക്കാരുടെ പിന്തുണയും ബാനര്‍ സ്ഥാപിക്കുന്നതിന് എസ്എഫ്ഐക്ക് ലഭിക്കുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ ഗവര്‍ണ്ണര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഴിച്ചുമാറ്റിയിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് തലസ്ഥാനത്തെ എസ്എഫ്ഐയുടെ കലാപ നീക്കം.
ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം കലാപത്തിന് നീക്കം തുടങ്ങി. രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. പരസ്യമായി ഗവര്‍ണ്ണറെ പോരിനു വിളിച്ചു. ഇന്ന് ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും അക്രമം നടത്താനും നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: