കിളിമാനൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കും അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള യൂസര്‍ ഫീസ് ചട്ടം ലംഘിച്ച് എല്ലാ വീടുകളില്‍ നിന്നും ഈടാക്കുന്നതായി വ്യാപക ആക്ഷേപം. ബിപിഎല്‍, ആശ്രയ, അഗതി കുടുംബങ്ങളില്‍ നിന്നും ഹരിത കര്‍മ്മസേന ഫീസ് ഈടാക്കരുതെന്ന് ഉത്തരവ് നില നില്‍ക്കെയാണ് വിവേചന രഹിതമായി ഫീസ് ഈടാക്കുന്നത്.
ഇതു സംബന്ധിച്ച് 2020 ആഗസ്റ്റിലെ ഉത്തരവിന് വ്യക്തത വരുത്തി ഈ മാസം 13ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതോടൊപ്പം യൂസര്‍ ഫീസ് ഇളവ് നല്‍കേണ്ട മറ്റ് കുടുംബങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രാമ വാര്‍ഡ് സഭകളുടെ അംഗീകാരത്തോടെ അത്തരം കുടുംബങ്ങള്‍ക്കും ഇളവ് നല്‍കേണ്ടതാണ്.
ഗ്രാമപഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും 50 രൂപയും നഗര പ്രദേശങ്ങളില്‍ നിന്നും 60 രൂപയുമാണ് ഹരിതകര്‍മ്മ സേന ഫീസ് ഈടാക്കുന്നത്. യൂസര്‍ ഫീസ് ഒഴിവാക്കിയ കുടുംബങ്ങളുടെ ഫീസ് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ വഹിക്കണമെന്നും തദ്ദേശ സ്വയഭരണ സ്ഥാപനം ഹരിത കര്‍മ്മസേനക്ക് ഈ തുക നല്‍കണമെന്നും അതിനായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക വകയിരുത്താവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കൂടാതെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങളെ ഒഴിവാക്കുന്നതിനുള്ള മാനദണ്ഡവും വാടക കെട്ടിടങ്ങളെ സംബന്ധിച്ചും വാടക കെട്ടിടം അഗതി ആശ്രയ ബിപിഎല്‍ കുടുംബമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് സംബന്ധിച്ചും ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഭേദഗതികളോടെ 2020 ഓഗസ്റ്റിലെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ അത് ഉറപ്പ് വരുത്തണമെന്നും അഡീഷണല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവിലുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും യൂസര്‍ ഫീസ് ഈടാക്കുന്നത്.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: