ശബരിമല: പമ്പയില്‍ നിന്നും ശബരീശ സന്നിധിയിലേക്കുള്ള യാത്രയില്‍ പശ്ചിമഘട്ട മലനിരകളില്‍ അത്യപൂര്‍വമായി കാണുന്ന ആയിരക്കണക്കിന് വന്മരങ്ങളാണ് തല ഉയര്‍ത്തി നില്‍ക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ഔഷധ ഗുണങ്ങള്‍ നിറഞ്ഞവയാണ്. നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ആയിരക്കണക്കിന് വന്മരങ്ങളാണ് വനത്തിനുള്ളില്‍ വളരുന്നത്.
ശരണ പാതയിലും വന്‍ മരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. അഗത്യാര്കൂടം മലനിരകളിലേത് പോലെ തന്നെ നിരവധിയായ ഔഷധ സസ്യങ്ങളുടെ കേന്ദ്രം കൂടിയാണ് ശബരിമലയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടുകൂറ്റന്‍ മരങ്ങള്‍ മുതല്‍ ചെറുചെടികള്‍ വരെ ഇവിടെ തഴച്ച് വളരുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്ക് വരുന്ന പാതയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍മാണിക്യം, മുളവ്, കാരാഞ്ഞിലി, 30 മീറ്ററില്‍ അധികം ഉയരത്തില്‍ വളരുന്ന പുന്നപയില്‍, മടക്ക (മോട്ടല്‍), വെള്ള അകില്, കറുത്ത അകില്, ചീനി, കമ്പകം, പമ്പരം, അമ്പഴം, പൂഞ്ഞാവ് (ചീരളം), കടുക്ക, വെള്ള കുന്തിരിക്കം, കറുത്ത കുന്തിരിക്കം, തേക്ക്, ഈട്ടി, കരുഈട്ടി, രുദ്രാക്ഷം, ഭദ്രാക്ഷം തുടങ്ങി നിരവധി മരങ്ങളാല്‍ സമ്പുഷ്ടമാണ് ശബരിമല കാടുകള്‍.
ശരണപാതയിലുള്ള ഓരോ വൃക്ഷങ്ങിലും അവയുടെ പേരും ശാസ്ത്രീയ നാമവും അടക്കം വനം വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മരങ്ങള്‍ നേരിട്ട് കണ്ട് തിരിച്ചറിയാനും മനസിലാക്കാനും വേണ്ടിയാണ് ഓരോ മരങ്ങളിലും പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: