ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതിനും മോശം പെരുമാറ്റത്തിനും പ്രതിപക്ഷത്തെ 78 എംപിമാര്‍ക്ക് സസ്പെന്ഷന്. ലോക്സഭയില്‍ നിന്ന് 33 പേരെയും രാജ്യസഭയില്‍ നിന്ന് 45 പേരെയുമാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ലോക്സഭയിലെ 13 പേരെയും രാജ്യസഭയിലെ ഒരാളെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ ഈ സമ്മേളനകാലയളവില്‍ സസ്പെന്‍ഷനിലായവരുടെ ആകെ എണ്ണം 92 ആയി. ലോക്സഭയിലെ ആറു പേരും രാജ്യസഭയിലെ എട്ടു പേരും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 14 പേരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റിലെ കളര്‍സ്പ്രേ പ്രയോഗവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ടുമാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നലെയും ബഹളം തുടങ്ങിയത്. ഇരുസഭകളും നിയന്ത്രിച്ചിരുന്നവര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന് പ്രതിപക്ഷാംഗങ്ങള്‍ തയാറായില്ല. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. തുടര്‍ന്നായിരുന്നു സസ്പെന്ഷന് നടപടി.
രാജ്യസഭയിലെ 45ല്‍ 34 എംപിമാര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലത്തേക്കാണ് സസ്പെന്ഷന്. 11 പേരുടെ സസ്പെന്ഷന് കാലാവധിയെ കുറിച്ച് പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തീരുമാനം എടുക്കും. കോണ്‍ഗ്രസ് എംപിമാരായ പ്രമോദ് തിവാരി, ജയറാം രമേഷ്, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, എസ്പിയുടെ രാം ഗോപാല്‍ യാദവ്, വി. ശിവദാസന്‍, ജോസ് കെ. മാണി തുടങ്ങിയ 45 പേരാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവര്‍.
ഇതില്‍ ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, ജെബി മാത്തര്‍, എല്‍. ഹനുമന്തയ്യ, നീരജ് ദാംഗി, രാജ്മണി പട്ടേല്‍, കുമാര്‍ കേത്കര്‍, ജി.സി. ചന്ദ്രശേഖര്‍, മുഹമ്മദ് അബ്ദുള്ള എന്നിവരുടെ പേരുകളാണ് പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രിവിലേജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഈ 11 എംപിമാര്‍ക്കും സഭാ നടപടികളില്‍ പങ്കെടുക്കാനാകില്ല. സഭാ നേതാവ് പിയൂഷ് ഗോയല്‍ അവതരിപ്പിച്ച പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു.
കോണ്‍ഗ്രസിലെ അധീര്‍ രഞ്ജന്‍ ചൗധരി, കെ. മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്, ആന്റോ ആന്റണി, മുസ്ലീംലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീര്‍, ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രന്, ഡിഎംകെയിലെ ടി.ആര്. ബാലു, ദയാനിധി മാരന്, ടിഎംസിയിലെ സൗഗത റോയ് എന്നിവരുള്‍പ്പെടെ മുപ്പത്തിമൂന്ന് പേരെയാണ് ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ 30 പേര്‍ക്ക് ശീതകാലസമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലാണ് സസ്പെന്ഷന്. മൂന്ന് അംഗങ്ങളുടെ സസ്പെന്ഷന് കാലാവധി തീരുമാനിക്കുക പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനുശേഷമാകും.
കെ. ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവര്‍ സ്പീക്കറുടെ പോഡിയത്തിലെത്തി മുദ്രാവാക്യം വിളിച്ചു. ഇതിനാലാണ് ഇവരുടെ സസ്പെന്ഷന് കാര്യം പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ അംഗീകരിക്കുകയും തുടര്‍ന്ന് സഭ പിരിയുകയുമായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലും രാജ്യസഭ ഇന്നലെ ജമ്മുകശ്മീര്‍ പുനഃസംഘടന (രണ്ടാം ഭേദഗതി) ബില്ലും, 2023 കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സര്‍ക്കാര്‍ (ഭേദഗതി) ബില്ലും പാസാക്കി.
കേരളത്തില്‍ നിന്നുള്ള ടി.എന്‍. പ്രതാപന്, ഹൈബി ഈഡന്, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാന്, വി.കെ. ശ്രീകണ്ഠന് എന്നിവരുള്‍പ്പെടെ 13 പേരെയാണ് നേരത്തെ ലോകസ്ഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയാനെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: