കുരുക്ഷേത്ര(ഹരിയാന): ആരതിയും മഹാപൂജയും സാമൂഹ്യപാരായണവുമായി അന്താരാഷ്ട്ര ഗീതാമഹോത്സവത്തിന് കുരുക്ഷേത്രത്തില്‍ തുടക്കം. കുരുക്ഷേത്രത്തിലെ ബ്രഹ്മസരോവരത്തിന് ചുറ്റുമായി ആയിരക്കണക്കിനാളുകള്‍ ഗീതാപാരായണത്തില്‍ പങ്കെടുത്തു. 24 വരെ തുടരുന്ന ഗീതാ മഹോത്സവം ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്തു.
ഭഗവദ് ഗീത ജീവിതവിജയത്തിലേക്ക് നയിക്കുന്ന ആത്മവിശ്വാസമാണ് സമൂഹത്തിനും രാഷ്ട്രത്തിനും നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധഭൂമിയിലാണ് ഗീത പിറന്നത്. അത് ധര്‍മ്മത്തിന്റെ വിജയത്തിനായുള്ള യുദ്ധമായിരുന്നു. ഗീത ധര്‍മ്മവിജയത്തിന്റെ പ്രേരണയാകുന്നത് അങ്ങനെയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വെല്ലുവിളികളുടെയും പരിഹാരം ഗീതയിലുണ്ട്. വ്യക്തിശുദ്ധിയുടെയും നിലപാടുകളിലെ സമഗ്രതയുടെയും പാഠം ഗീത പകരുന്നുണ്ട്. ഏത് മേഖലയിലും വിജയത്തിന്റെ വഴികാട്ടിയായി ഗീത മുന്നിലുണ്ട്. ശാസ്ത്രജ്ഞന്മാരും വിപ്ലവകാരികളും ഭഗവദ് ഗീതയെ മാര്ഗദീപമാക്കി. സായുധപോരാട്ടത്തിനിറങ്ങിയവര്ക്കും സഹനസമരത്തിനിറങ്ങിയവര്ക്കും ഗീത ഒരുപോലെ വഴികാട്ടി, ധന്‍ഖര്‍ പറഞ്ഞു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സ്വാമി ജ്ഞാനാനന്ദ് തുടങ്ങിയവര്‍ ഉപരാഷ്ട്രപതിക്കൊപ്പം ഗീതാ ആരതിയില്‍ പങ്കെടുത്തു. ആസാം ചീഫ് സെക്രട്ടറി പവന് കുമാര്‍ ബോര്‍ഡാകൂര്‍, ആസാം സാംസ്കാരികവകുപ്പ് മന്ത്രി ബിംല ബോര്‍ഹ, സഹമന്ത്രി സന്ദീപ് സിങ്, ഹരിയാന സരസ്വതി പൈതൃക വികസന ബോര്‍ഡ് വൈസ് ചെയര്മാന് ധുമന്‍ സിങ് തുടങ്ങിയവരും പങ്കെടുത്തു. പണ്ഡിറ്റ് ബല്‍റാം ഗൗതം, പണ്ഡിറ്റ് സോമനാഥ് ശര്‍മ, ഗോപാല്‍ കൃഷ്ണ ഗൗതം, അനില്‍, രുദ്ര എന്നിവരുടെ ഭജനയും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: