രാഹുല്‍ഗാന്ധിയെ ദേശീയ രാഷ്‌ട്രീയത്തില്‍ പലവട്ടം ‘പുതുതായി അവതരിപ്പിച്ച്’ പരാജയപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പുതിയ ഭാരതത്തെ മനസ്സിലാക്കാനോ രാജ്യത്തെ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് തിരിച്ചറിയാനോ ശേഷിയില്ലാത്ത നേതാവാണ് താനെന്ന് രാഹുലും പലവട്ടം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആ രാഹുല്‍ഗാന്ധിയുടെ ബുദ്ധിയില്‍ തയ്യാറാക്കി അവതരിപ്പിച്ച ‘ഇന്ത്യ സഖ്യം’ എന്ന ഇന്‍ഡി പ്രതിപക്ഷ മുന്നണി വിരിയും മുമ്പ് തന്നെ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടികള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇനിയെന്തെന്നാലോചിക്കാന്‍ പ്രതിപക്ഷ മുന്നണി ഇന്ന് ദല്‍ഹിയില്‍ വീണ്ടും യോഗം ചേരുന്നുണ്ട്.
അഴിമതി നിറഞ്ഞ ഒന്നാം യുപിഎ സഖ്യ സര്‍ക്കാരും രണ്ടാം യുപിഎ സഖ്യ സര്‍ക്കാരും എത്ര മോശം ഭരണമാണ് കാഴ്ചവെച്ചതെന്ന ഓര്‍മ്മ ജനങ്ങള്‍ക്ക് നല്ലവണ്ണമുണ്ടെന്ന തിരിച്ചറിവില്‍ രാഹുല്‍ഗാന്ധിയും സംഘവും പേരുമാറ്റി അവതരിപ്പിച്ച പഴയ യുപിഎ മുന്നണി തന്നെയാണ് ഈ ഇന്‍ഡി സഖ്യവും. ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്(ഐ.എന്‍.ഡി.ഐ.എ) എന്ന സഖ്യം ‘ഇന്ത്യ’ എന്ന പേരുപയോഗിച്ചാണ് ദേശീയ രാഷ്‌ട്രീയത്തില്‍ സ്ഥാനം നേടിയെടുക്കാന്‍ ശ്രമിച്ചത്. മോദിക്കെതിരെ ഇന്ത്യ എന്ന പ്രചാരണമായിരുന്നു രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. എന്നാല്‍ അത്യന്തം ദയനീയമായാണ് ഈ നീക്കം പരാജയപ്പെട്ടത്. ജനങ്ങള്‍ ഒന്നടങ്കം പരാജയപ്പെടുത്തുകയായിരുന്നു എന്നതാണ് ശരി. മോദിയെ ചായക്കടക്കാരന്‍ എന്നു വിളിച്ചതും കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് വിളിച്ചതും അടക്കം പരാജയപ്പെട്ട പ്രതിപക്ഷ പ്രചാരണ മുദ്രാവാക്യങ്ങളില്‍ മറ്റൊന്നായി മോദിക്കെതിരെ ഇന്ത്യ എന്ന പ്രയോഗം മാറി. ഔദ്യോഗിക തലത്തില്‍ രാജ്യം തീരെ ഉപയോഗിക്കാതിരുന്ന ഭാരതം എന്ന പേര് കൂടുതല്‍ ഉയര്‍ന്നുവരാന്‍ മാത്രമേ രാഹുല്‍ഗാന്ധിയുടെ ഈ നീക്കം പ്രയോജനപ്പെട്ടുള്ളൂ. രാജ്യത്തിന്റെ മറ്റൊരു പേരായ ഭാരതം ദേശീയ, അന്തര്‍ദ്ദേശീയ വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും ജനങ്ങള്‍ ഏറെ അഭിമാനത്തോടെ ഭാരതം എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുകയും ചെയ്തതോടെ ഇന്‍ഡി സഖ്യത്തിലെ പാര്‍ട്ടികള്‍ രാഷ്‌ട്രീയ തിരിച്ചടി തിരിച്ചറിഞ്ഞു. മാത്രമല്ല, ദേശീയ മാധ്യമങ്ങളടക്കം ഇന്ത്യമുന്നണി എന്ന വാക്കിന് പകരം ഇന്‍ഡി സഖ്യം എന്ന വാക്കുകൂടി പ്രയോഗിച്ചു തുടങ്ങിയതോടെ മോദിക്കെതിരെ ഇന്ത്യ എന്ന രാഹുലിന്റെ പ്രചാരണം പൂര്‍ണ്ണമായും പരാജയപ്പെട്ടു.
ഇതിനെല്ലാം അപ്പുറമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന വിശേഷണത്തോടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത്. ടിആര്‍എസിന്റെ അഴിമതി നിറഞ്ഞ ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ തെലങ്കാനയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഭരണം നല്‍കിയെങ്കിലും ഹിന്ദി ഹൃദയഭൂമിയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും കോണ്‍ഗ്രസിന് നഷ്ടമായി. മിസോറാമില്‍ അവശേഷിച്ചിരുന്ന സ്വാധീനം കൂടി തകര്‍ന്നു. ഇത്തരത്തില്‍, ദേശീയ പ്രസക്തി നഷ്ടമായ കോണ്‍ഗ്രസും തമ്മില്‍ യാതൊരു തരത്തിലും യോജിക്കാന്‍ സാധ്യമല്ലാത്ത മറ്റു പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികളും ഒന്നിക്കുമ്പോള്‍ ജനമനസ്സ് കൂടുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി മാറുകയാണെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവും അഴിമതിക്കാരും കള്ളന്മാരും നിറഞ്ഞ ഇന്‍ഡി പ്രതിപക്ഷ മുന്നണിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 2014ലേയും 2019ലേയും വിധി തന്നെയേ ഉണ്ടാവൂ എന്നാണ് പുതിയ സര്‍വ്വേ ഫലങ്ങളും പ്രവചിക്കുന്നത്. ടൈംസ് നൗ- ഇടിജി സര്‍വ്വേ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 323 സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കും. 28 പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്‍ഡി മുന്നണിക്ക് പരമാവധി ലഭിക്കുക 163 സീറ്റുകളും. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് 52-72 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഇതാണ് നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യം.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന ആജ് തക് മാധ്യമ കോണ്‍ക്ലേവിലെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യവും പ്രസംഗവും ഏറെ ശ്രദ്ധേയമായിരുന്നു. 400 സീറ്റുകളില്‍ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള നീക്കത്തിലാണ് ഇന്‍ഡി സഖ്യം എന്ന ആജ് തക് മാധ്യമ കോണ്‍ക്ലേവില്‍ എഡിറ്ററായ രാഹുല്‍ കന്‍വാള്‍ പറയുമ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
”എവിടെയാണ് ഇന്‍ഡി സഖ്യം അവശേഷിക്കുന്നത്? ഓരോ സംസ്ഥാനത്തെയും അവരുടെ അവസ്ഥ ഞാന്‍ പറഞ്ഞു തരാം. കശ്മീരില്‍ ഇന്‍ഡി സഖ്യം പണ്ടേയുള്ളതാണ്. അതിലേക്ക് പുതുതായി ആരും ഇനി വരാനില്ല. പഞ്ചാബില്‍ ഇന്‍ഡി സഖ്യം ഉണ്ടാവില്ലെന്നുറപ്പാണ്. ദല്‍ഹിയിലും പ്രതിപക്ഷ സഖ്യമുണ്ടാവില്ല. ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേരാണ് മത്സരം. ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഗുജറാത്ത് ഒക്കെ ബിജെപിയും കോണ്‍ഗ്രസും നേരിട്ടുള്ള മത്സരമാണ്. അവിടെയൊന്നും തന്നെ ഇന്‍ഡി സഖ്യമില്ല. മഹാരാഷ്‌ട്രയിലും ബിഹാറിലും നേരത്തെ തന്നെ പ്രതിപക്ഷ സഖ്യമുണ്ട്. ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സഖ്യം ഉണ്ടാവില്ല. തെലങ്കാനയിലും ആന്ധ്രയിലും പ്രതിപക്ഷ സഖ്യമില്ല. തമിഴ്നാട്ടില്‍ നേരത്തെ തന്നെ സഖ്യമുണ്ട്. കേരളത്തില്‍ ഇന്‍ഡി സഖ്യമുണ്ടാവുമോ? പിന്നെ എവിടെയാണ് ഈ പ്രതിപക്ഷ സഖ്യമെന്ന് പറഞ്ഞുതരൂ. ആജ് തക് ചാനലിന്റെ സ്‌ക്രീനില്‍ മാത്രം അവശേഷിക്കുന്ന ഒന്നാണ് ഇന്‍ഡി സഖ്യം,” അമിത് ഷാ പരിഹസിച്ചു.
വെറും ഒന്നര മിനുറ്റില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞവസാനിപ്പിക്കുന്നതാണ് നിലവിലെ ദേശീയ രാഷ്‌ട്രീയത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രസക്തി. മലയാള മാധ്യമങ്ങള്‍ എന്തോ വലിയ സംഭവമായി അവതരിപ്പിക്കുന്ന ഇന്‍ഡി സഖ്യത്തിന്റെ പുതിയ നീക്കങ്ങള്‍ എന്തു തന്നെ ആയാലും ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ അനക്കമൊന്നും ഉണ്ടാവാന്‍ പോവുന്നില്ലെന്നുറപ്പാണ്. ദേശീയ തലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയും വിശ്വാസ്യതയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. എന്തുകൊണ്ടാണ് ഒന്‍പതര കൊല്ലത്തിനു ശേഷവും മോദിയുടെ വ്യക്തിപ്രഭാവവും വിശ്വാസ്യതയും ഉയര്‍ന്നു നില്‍ക്കുന്നതെന്ന രാഹുല്‍ കന്‍വാളിന്റെ ചോദ്യത്തിന് അമിത് ഷാ നല്‍കുന്ന മറുപടി ഏറെ ശ്രദ്ധേയമാണ്. ”കഴിഞ്ഞ ഇത്രയും കാലത്തിനിടെ ഒരിക്കല്‍പോലും സ്വന്തം കാര്യത്തിനായി യാതൊന്നും ചെയ്യാത്ത ആളാണ് പ്രധാനമന്ത്രി. എന്തിനേറെ പറയുന്നു. സ്വന്തം പാര്‍ട്ടിക്കുവേണ്ടി പോലും അദ്ദേഹം ഒന്നും ചെയ്തു തന്നിട്ടില്ല. അദ്ദേഹം ചെയ്തതെല്ലാം രാജ്യത്തിനു വേണ്ടി മാത്രമായിരുന്നു. രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി മാത്രമായിരുന്നു. ഞാനതു കണ്ടിട്ടുള്ളതാണ്. കഠിനമായ തീരുമാനങ്ങള്‍ പലതും എടുക്കുമ്പോള്‍ പാര്‍ട്ടി ചുമതലയുള്ളവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഈ തീരുമാനം വഴി നമ്മുടെ വോട്ടുബാങ്കിനെ ബാധിക്കും എന്നൊക്കെ. എന്നാല്‍ രാജ്യത്ത് മാറ്റം കൊണ്ടുവരാനായി എടുക്കുന്ന തീരുമാനങ്ങളില്‍ പാര്‍ട്ടി വോട്ടുബാങ്കിനെപ്പറ്റി അദ്ദേഹം ചിന്തിക്കാറില്ല. രാജ്യത്ത് പുരോഗതിക്കായുള്ള തീരുമാനങ്ങളില്‍ അത്തരം കാര്യങ്ങളൊന്നും അദ്ദേഹത്തെ സ്വാധീനിക്കാറില്ല. ഇത്തരത്തില്‍ എടുത്ത ശക്തവും സുദൃഢവുമായ നടപടികളിലൂടെയാണ് ഇന്ന് എല്ലാ മേഖലകളിലും ഭാരതം മുന്നേറുന്നത”, അമിത് ഷാ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: