നരേന്ദ്ര മോദി സര്‍ക്കാര്‍ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ ഭരണത്തിന് പുതിയ തുടക്കം കുറിച്ച 2014 മുതല്‍ കേള്‍ക്കുന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം നല്കിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ ഭരണത്തില്‍ നടത്തിയ അഴിമതികളുടെ വേരുകള്‍ തേടി അന്വേഷണ ഏജന്‍സികള്‍ പോകുന്നതും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില നേതാക്കള്‍ കേസില്‍ പ്രതികളാവുകയും അറസ്റ്റിലാവുകയുമൊക്കെ ചെയ്തതാണ് മോദി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ മുറവിളി കൂട്ടാന്‍ കാണം. കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുലും പി. ചിദംബരവും കാര്‍ത്തി ചിദംബരവും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബാഗേലും വരെയുള്ളവര്‍ ഇപ്പോള്‍ പ്രതികളോ ആരോപണവിധേയരോ ആണ്. ആര്‍ജെഡി നേതാവ് ലാലുപ്രസാദിനും ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും എതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ നിരയിലെ ഏറ്റവും പുതിയ താരമാണ് ഒഡിഷയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായ ധീരജ് സാഹു. സാഹുവിന്റെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ആരെയും അമ്പരപ്പിക്കുന്ന തോതിലാണ് അനധികൃതമായ പണം പിടിച്ചെടുത്തിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം തുടങ്ങിയ റെയ്ഡ് ദിവസങ്ങളോളം നീണ്ടുനിന്നു. നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ മെഷീനുകള്‍ വേണ്ടിവന്നു. കെട്ടുകെട്ടായി സൂക്ഷിച്ചിരുന്ന പണം കൊണ്ടുപോകാന്‍ കൂടുതല്‍ വാഹനങ്ങളും ആവശ്യമായിവന്നു.
ഇതുവരെ 454 കോടി രൂപയാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ സാഹുവില്‍നിന്ന് പിടിച്ചെടുത്തത്. നോട്ടുകള്‍ പൂര്‍ണമായി എണ്ണിത്തീരുന്ന മുറയ്ക്ക് തുക ഇതിലും വലുതാവാം. രാജ്യത്തു നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കള്ളപ്പണ വേട്ടയാണിത്. ഒഡിഷയില്‍ ഇങ്ങനെയൊരു കൊള്ളക്കാരന് നേതാവുണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കല്ലാതെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. കോണ്‍ഗ്രസ്സിന്റെയും രാഹുലിന്റെയും വിശ്വസ്തനായ സാഹുവിന് ഇത്രയും പണം എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. സോണിയയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ബിനാമിയാണ് സാഹുവെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ രഹസ്യങ്ങള്‍ പൂര്‍ണമായി ചുരുളഴിയുകയുള്ളൂ. രാഹുലിന്റെ ജോഡോയാത്രയില്‍ പങ്കെടുത്ത് അത് വിജയിച്ചതായി പ്രഖ്യാപിച്ച് അഭിമാനിച്ചയാളാണ് സാഹു. നോട്ടുനിരോധനത്തിലും ഇയാള്‍ പ്രതിഷേധിച്ചു. തങ്ങളുടെ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പറഞ്ഞ് നിലവിളിച്ചിരുന്ന കോണ്‍ഗ്രസ് സാഹുവിന്റെ സ്ഥാപനത്തില്‍നിന്ന് പിടിച്ചെടുത്ത പണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സാഹുവിന്റെ ഇത്തരം ഇടപാടുകളുമായി ബന്ധമില്ലെന്നായി പിന്നീടുള്ള നിലപാട്. പണം മുഴുവന്‍ തന്റേതല്ലെന്നും ബന്ധുക്കളുടേതാണെന്നും സാഹുവും പ്രഖ്യാപിച്ചു. പരസ്പരധാരണയോടെ ഇങ്ങനെയൊരു നിലപാട് രണ്ട് കൂട്ടരും എടുക്കുകയാണെന്നു വേണം കരുതാന്‍. എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ മുറവിളി കൂട്ടിയിരുന്ന കോണ്‍ഗ്രസിതര പാര്‍ട്ടി നേതാക്കളും സാഹുവിന്റെ രക്ഷയ്ക്കെത്തിയിട്ടില്ല. കുടുങ്ങിയെന്ന് ഉറപ്പായി കഴിഞ്ഞതിനാലാണ് ഇങ്ങനെ അകലം പാലിക്കുന്നത്.
മലയാള മാധ്യമങ്ങളുടെ നിശ്ശബ്ദതയാണ് ശ്രദ്ധേയം. അഴിമതിക്കെതിരെ മോദി സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സുമായും ഇടതുപാര്‍ട്ടികളുമായും ഇസ്ലാമിക ശക്തികളുമായും കൈകോര്‍ക്കുന്ന വാര്‍ത്താചാനലുകള്‍ സാഹു സംഭവം കണ്ടില്ലെന്നു നടിക്കുകയാണ്. കോണ്‍ഗ്രസ് നേതാവിന്റെ കൂറ്റന്‍ അഴിമതിയെക്കുറിച്ച് വാര്‍ത്താ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകളോ തുടര്‍ക്കഥകളോ അന്തിച്ചര്ച്ചകളോ ഇല്ല. അഴിമതിക്കെതിരെ നിഴല്‍യുദ്ധം നടത്തി മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ളവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് ഇതേ മാധ്യമങ്ങള്‍ തന്നെയാണ്. കരുവന്നൂരും കണ്ടലയിലും മറ്റും നടന്ന സഹകരണബാങ്ക് അഴിമതികളെക്കുറിച്ച് ഇഡി നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളാണ് ധീരജ് സാഹുവിന്റെ കള്ളപ്പണത്തെക്കുറിച്ചും നിശ്ശബ്ദത പാലിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ മോദി സര്‍ക്കാര്‍ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മറ്റും പച്ചനുണകള്‍ ഈ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഒഡിഷയിലെ സാഹുമാരെ വെല്ലുന്ന അഴിമതികളാണ് കേരളത്തില്‍ ചിലര്‍ നടത്തിയിട്ടുള്ളതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിടിക്കപ്പെടുന്നതില്‍നിന്ന് ഇത്തരക്കാരെ കാലെകൂട്ടി സംരക്ഷിക്കുകയെന്ന തന്ത്രമാണ് മലയാള മാധ്യമങ്ങള്‍ പ്രയോഗിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നടപടികള്‍ മൂലമാണ് ധീരജ് സാഹുമാര്‍ കുടുങ്ങുന്നത്. ഈ നടപടികള്‍ യുക്തിസഹമായ പരിസമാപ്തിയിലേക്ക് നീങ്ങേണ്ടതുണ്ട്. എങ്കില്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: