കൊച്ചി: ശബരിമലദര്‍ശനത്തിന് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതു തടയണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടര്‍ നിശ്ചയിച്ച വില വിവരപ്പട്ടിക സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി മേഖലകളിലെ ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം. ഇടത്താവളങ്ങളിലും വിലവിവരപ്പട്ടിക സ്ഥാപിക്കണം.
പരാതിയുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ ജില്ലാ മജിസ്ട്രേട്ടിന്റെ ഫോണ്‍ നമ്പരും ബോര്‍ഡില്‍ ഉണ്ടായിരിക്കണം. കരിക്കിന്റെ വിലയും പ്രദര്‍ശിപ്പിക്കണം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.
നിലവില്‍ അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തര്‍ക്ക് പരാതി നല്കാന് കൃത്യമായ സംവിധാനമില്ല. ഈ സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തു നിന്നുമുള്ള ഭക്തര്‍ക്ക് പരാതി അറിയിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി നിലപാടു തേടി.
നീലിമല – അപ്പാച്ചിമേട് – ശബരിപീഠം പരമ്പരാഗത പാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ബന്ധപ്പെടേണ്ട അടിയന്തര ഫോണ്‍ നമ്പര്‍ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: