ആലുവ: എകെജി സെന്ററില്‍നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതു കൊണ്ടാണ് ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍വകലാശാലകളുടെ നിയന്ത്രണം നഷ്ടമാവുമെന്ന ഭയമാണ് സിപിഎമ്മിനുള്ളതെന്ന് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരിക്കുമ്പോള്‍ പോലും സര്‍വകലാശാലകളില്‍ സിപിഎം മേധാവിത്വമായിരുന്നു. ചീഫ് സെക്രട്ടറിമാരെയായിരുന്നു പണ്ട് ഗവര്‍ണര്‍മാര്‍ സര്‍വകലാശാലകളിലേക്ക് അയച്ചിരുന്നത്. സംസ്ഥാനത്ത് ഭരണമുള്ളപ്പോഴും അല്ലാത്തപ്പോഴും സിപിഎമ്മിന് സര്‍വകലാശാലകള്‍ മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സര്‍വകലാശാലകളുടെ ഭരണം കൈപ്പിടിയില്‍ ഒതുക്കാനാവുന്നില്ല.
സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങള്‍, പാര്‍ട്ടി ഓഫീസില്‍നിന്നുള്ള നിയമനങ്ങള്‍, യോഗ്യതയില്ലാത്ത വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് തുടങ്ങിയവ നിര്‍ത്തിയത് ആരിഫ് മുഹമ്മദ് ഖാനാണ്.
സര്‍വകലാശാലകളുടെ അധികാരം ചാന്‍സലര്‍ക്ക് തന്നെയാണെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. ഗവര്‍ണറെ ഭീഷണിപ്പെടുത്താനാണ് സിപിഎം തെരുവ് യുദ്ധം നടത്തുന്നത്. എന്നാല്‍ സിപിഎമ്മിന് ആള് മാറി പോയി. സെനറ്റിലേക്ക് ആളുകളെ ശിപാര്‍ശ ചെയ്യാന്‍ സിപിഎം മന്ത്രിയെ നിശ്ചയിച്ചത് തെറ്റാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം കൊടുക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ഗവര്‍ണറെ അധിക്ഷേപിക്കുകയാണ്. ഗവര്‍ണര്‍ എന്തോ മഹാപരാധം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ സര്‍വകലാശാലകളുടേയും ചാന്‍സലറായ ഗവര്‍ണറെ എവിടെയും കാലു കുത്തിക്കില്ലെന്നാണ് എസ്എഫ്ഐ പറയുന്നത്. ഗവര്‍ണറെ കാല് കുത്തിക്കില്ലെന്ന് എസ്എഫ്ഐ നേതാവ് പറഞ്ഞതാണ് തെറ്റ്. അതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടത്. ഗവര്‍ണര്‍ക്കെതിരെ തെമ്മാടിത്തരമാണ് എസ്എഫ്ഐ നടത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ വച്ചപോലുള്ള ബാനര്‍ മുഖ്യമന്ത്രിക്കെതിരെ വയ്ക്കാന്‍ പറ്റുമോ?
മാരാര്‍ജി ഭവനില്‍ നിന്നു ലിസ്റ്റ് കൊടുക്കുന്ന രീതി ബിജെപിക്കില്ല. ജെഎന്‍യുവിനെ സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകളിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കൊണ്ടുവരുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: