കൊച്ചി: കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ ആദ്യ പൊതു ഓഹരി വിൽപന (ഐപിഒ) ഡിസംബർ 18 മുതൽ ആരംഭിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പും മുത്തൂറ്റ് കുടുംബവും ഏകദേശം 76 ശതമാനം ഉടമസ്ഥത കൈവശം വെച്ചിരിക്കുന്ന കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിന്‍. ഇന്ത്യയിലെ നാലാമത്തെ വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍.
രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ മൈക്രോഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം കൂടിയായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്. ബിസിനസ് വലിപ്പത്തിൽ ദക്ഷിണേന്ത്യയിൽ മൂന്നാമതും കേരളത്തിൽ ഒന്നാമതുമാണ് കമ്പനിയുടെ സ്ഥാനം. തമിഴ്നാട്ടിൽ മൈക്രോഫിനാൻസ് വിപണിയിൽ 16 ശതമാനം വിഹിതവും കമ്പനി അവകാശപ്പെടുന്നു.
960 കോടി സമാഹരിക്കും
ഐപിഒയിലൂടെ 960 കോടി സമാഹരിക്കാനാണ് മുത്തൂറ്റ് മൈക്രോഫിൻ ലക്ഷ്യമിടുന്നത്. ഇതിൽ 760 കോടിയുടെ പുതിയ ഓഹരി ഇഷ്യൂ ചെയ്യും. ബാക്കി 200 കോടി രൂപ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മുഖേനയാണ് സമാഹരിക്കുന്നത്. അതേസമയം ഒഎഫ്എസ് മാർഗത്തിൽ കമ്പനിയുടെ പ്രമോട്ടർമാരായ തോമസ് ജോൺ മുത്തൂറ്റ്, ജോർജ് മുത്തൂറ്റ്, പ്രീതി ജോൺ മുത്തൂറ്റ്, റെമി തോമസ് എന്നിവരും വൻകിട നിക്ഷേപകരായ ഗ്രേറ്റർ പസിഫിക് ക്യാപിറ്റലും കൈവശമുള്ള ഓഹരികൾ പണമാക്കി മാറ്റും.
ആങ്കർ നിക്ഷേപകരിൽ നിന്നും 285 കോടി സമാഹരിച്ചു
ആങ്കർ നിക്ഷേപകരിൽ നിന്നും ഇതിനകം 285 കോടി രൂപ വിജയകരമായി സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു. 26 ആങ്കർ നിക്ഷേപകർക്കായി 97.93 ലക്ഷം ഓഹരികൾ കൈമാറിയാണ് ഐപിഒയ്‌ക്ക് മുന്നോടിയായുള്ള വിഭവസമാഹരണം മുത്തൂറ്റ് മൈക്രോഫിൻ പൂർത്തിയാക്കിയത്. ആങ്കർ നിക്ഷേപകർക്കായുള്ള മുത്തൂറ്റ് മൈക്രോഫിൻ ഓഹരി വിൽപനയിൽ പ്രമുഖരായ വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ പങ്കെടുത്തു. മോർഗൻ സ്റ്റാൻലി, സൊസൈറ്റി ജനറാൾ, കോപ്താൽ മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ് തുടങ്ങിയ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ പങ്കെടുത്തു.
ഐപിഒയുടെ ഘടന
ഡിസംബർ 18 മുതൽ 20 വരെയാണ് മുത്തൂറ്റ് മൈക്രോഫിൻ ഐപിഒ അരങ്ങേറുന്നത്. 277 – 291 രൂപ വിലനിലവാരത്തിൽ 51 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം. അതേസമയം മുത്തൂറ്റ് മൈക്രോഫിൻ ഐപിഒയിൽ 50 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം വ്യക്തിഗത വൻകിട നിക്ഷേപകർക്കുമായി മാറ്റിവെച്ചിരിക്കുന്നു. തുടർന്ന് എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ, ഡിസംബർ 26നായിരിക്കും മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ലിസ്റ്റ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: