കോഴിക്കോട്: മുഖ്യമന്ത്രിയേയും എസ് എഫ് ഐയേയും വെല്ലുവിളിച്ച് കോഴിക്കോട് നഗരത്തിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലിറങ്ങി ജനങ്ങളുമായി സൗഹൃദം പുതുക്കി. ജനങ്ങളെ അഭിവാദ്യം ചെയ്ത ഗവർണർ മാനാഞ്ചിറ സ്ക്വയറിലെത്തി. ഈ സമയം അവിടെയെത്തിയ സ്കൂൾ കുട്ടികളെ ചേർത്ത് നിർത്തുകയും കൊച്ചു കുഞ്ഞുങ്ങളെ കൈയിലെടുത്ത് ലാളിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
തെരുവിലൂടെ നടന്നു നീങ്ങിയ ഗവർണർ കാണാനും സ്നേഹാന്വേഷണം നടത്താനും വഴിയരികിൽ ജനങ്ങൾ തടിച്ചു കൂടി. സാധാരണ ജനങ്ങൾക്കൊപ്പം സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് മിഠായി തെരുവിലെത്തിയ ഗവർണർ ഓരോ കടകളും സന്ദർശിച്ചു. വ്യാപാരികളുമായി കുശലാന്വേഷണം നടത്തുകയും ഹൽവയുടെ മധുരം നുണയുകയും ചെയ്തു. കേരളത്തിലെ ജനങ്ങളെ എനിക്ക് ഇഷ്ടമാണ് അവർക്ക് തിരിച്ചു അങ്ങനെ തന്നെയെന്നും ഗവർണർ പറഞ്ഞു.
തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും തന്നെ ഭയപ്പെടുത്താനാകില്ലെന്നും ഗവർണർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പോലീസ്. എന്നാല്‍ കേരള പോലീസിന്റെ സംരക്ഷണം താനിക്കാവശ്യമില്ല.സംസ്ഥാനത്തെ പോലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്. പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ക്യാമ്പസിലെ ബാനർ പോലീസ് സംരക്ഷിച്ചു. കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് പിണറായി വിജയനെന്നും ഗവർണർ വിമർശിച്ചു.
പോലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവുകളിലൂടെ സഞ്ചരിക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പങ്കാളിയായ കണ്ണൂരിലെ ജനങ്ങളെ ദശാബ്ദങ്ങളായി ഭയപ്പെടുത്തിയ ആള്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമല്ലൊ. എന്നാല്‍ അദ്ദേഹത്തിന് തന്നേ ഭയപ്പെടുത്താന്‍ കഴിയില്ല. തനിക്ക് ഇപ്പോള്‍ 70 വയസായി. 35ാം വയസില്‍ പോലും താന്‍ പേടിച്ചിട്ടില്ല. താന്‍ കോഴിക്കോട് നഗരത്തിലേക്ക് പോവുകയാണ്. പോലീസിന്റെ സംരക്ഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നേരിടേണ്ടവര്‍ക്ക് അവിടെ നേരിടാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സമീപ കാലത്ത് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ സിപിഎമ്മിനും എസ്എഫ്‌ഐയ്‌ക്കും പോഷക സംഘടനകള്‍ക്കും സര്‍വകലാശാലകളില്‍ തന്നിഷ്ടം നടപ്പാക്കാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞു. ആ നിരാശയിലാണ് തനിക്കെതിരേ എസ്എഫ്‌ഐ വരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ആറ് മരപ്പണിക്കാരെ അനധികൃതമായി സിപിഎം തിരുകി കയറ്റിയാതായും അദ്ദേഹം ആരോപിച്ചു.
സര്‍വകലാശാലകള്‍ പോലീസിന്റെ സംരക്ഷണത്തിലിരിക്കെ എങ്ങനെയാണ് എസ്എഫ്‌ഐയ്‌ക്ക് കടന്നുകയറി ബാനര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കുമോ എന്നും ഗവര്‍ണര്‍ തിരക്കി. കണ്ണൂരിനെ താന്‍ ഒരര്‍ഥത്തിലും ആക്ഷേപിച്ചിട്ടില്ല. കണ്ണൂരിലെ കൊലപാതകങ്ങളെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: