അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനമാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. 1947 ആഗസ്ത് 15 പോലെ പവിത്രമായാണ് ഞാന്‍ 2024 ജനുവരി 22നെ കാണുന്നത്. അന്ന് രാജ്യത്തിന് രാഷ്‌ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. ഇപ്പോള്‍ രാജ്യം സാംസ്‌കാരിക സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു, അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ഇന്ത്യ സംഘടിപ്പിച്ച അയോധ്യ ശ്രീരാം മഹാപര്‍വ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചമ്പത് റായ്.
കര്‍സേവകരുടെ ത്യാഗം മറക്കാനാകില്ല. ഭാരതം ത്യാഗങ്ങളുടെ രാജ്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ മാനം കാക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ചു. മേവാറിലെ മഹാറാണാ പ്രതാപന്‍ പുല്ല് ഭക്ഷണമാക്കേണ്ടി വന്നിട്ടും സ്വാഭിമാനം കൈവെടിഞ്ഞില്ല. ഗുരു ഗോവിന്ദ് സിങ്ങും അദ്ദേഹത്തിന്റെ പിഞ്ചുമക്കളും സ്വധര്‍മ്മത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞത്. ശ്രീരാമജന്മഭൂമിയുടെ മോചനത്തിന് വേണ്ടി എത്ര തലമുറകളാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. ഇവിടെ ബലിയെന്നത് ഒരു കബഡി കളിയാണ്. നാല് തവണ മരിച്ചാല്‍ നാല് തവണ ജീവിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.
കോടതിവിധി അനുകൂലമായേ മതിയാകുമായിരുന്നുള്ളൂ. കാരണം ശരിക്ക് വേണ്ടിയാണ് രാമഭക്തര്‍ പൊരുതിയത്. വിജയിക്കുമെന്ന് ഉറപ്പിച്ചുതന്നെയാണ് കര്‍സേവകര്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. സ്വാതന്ത്ര്യപോരാട്ടത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് 1947 ആഗസ്ത് 15ന് ആ പോരാട്ടം വിജയിക്കുമെന്ന് അറിയുമായിരുന്നോ? അവര്‍ കര്‍മ്മം ചെയ്തു. ഒരു കല്ല് ചുറ്റികയുടെ ആദ്യ അടിയിലാവില്ല പൊട്ടുക, നൂറ് തവണ അടിക്കുമ്പോള്‍ നൂറ്റിഒന്നാമത്തെ തവണ അത് പൊട്ടും. കര്‍സേവയും അങ്ങനെയാണ്. സര്‍ക്കാര്‍ ഭയന്നു, വെടിവയ്‌പ്പ് ആരംഭിച്ചു, ചിലര്‍ വീണു, വെടിയേറ്റിട്ടും അവര്‍ പതാക ഉയര്‍ത്തി. ഗംഗയില്‍ നിന്ന് എത്രയോ വെള്ളം മൃഗങ്ങളും പക്ഷികളും കുടിക്കുന്നു, എത്രയോ വെള്ളം നീരാവിയാകുന്നു. പക്ഷേ ഒഴുക്ക് നിലയ്‌ക്കുമോ. അതുപോലെയാണിതും, ചമ്പത് റായ് പറഞ്ഞു.
‘ശ്രീരാമജന്മഭൂമിയുടെ മോചനത്തിന് കഴിഞ്ഞ 500 വര്‍ഷത്തിനിടെ എത്രപേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്ക് കാലത്തിന്റെ കൈകളിലേ ഉള്ളൂ. എന്നാല്‍ 135 കോടി ജനങ്ങള്‍ രാമക്ഷേത്രത്തിനായി സംഭാവന നല്‍കിയതിന്റെ കണക്ക് എന്റെ പക്കലുണ്ട്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. രാമന്‍ വെറും സങ്കല്പമാണെന്ന് വിധി പറഞ്ഞ ആളുകള്‍ ഇവിടെയുണ്ട്. എല്ലാം മനസിലാക്കി എല്ലാവരെയും അയോധ്യയിലേക്ക് വിളിക്കുന്നു.
മതേതരത്വം പറഞ്ഞ് അവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. എല്ലാ വ്യക്തികള്‍ക്കും മതമുണ്ട്. വ്യവസ്ഥിതി മതേതരമാണ്. നിയമം മതേതരമാണ്. എന്നാല്‍ സമൂഹവും വ്യക്തികളും അവരവരുടെ വിശ്വാസങ്ങള്‍ പിന്തുടരും, ചമ്പത് റായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: