Categories: Kerala

മഴയില്‍ കുതിര്‍ന്ന് സന്നിധാനം; പമ്പയില്‍ ഒഴുക്ക് വര്‍ധിച്ചു

Published by

ശബരിമല: പകല്‍ സമയങ്ങളിലെ കനത്ത ചൂടിന് ആശ്വാസമേകി സന്നിധാനത്ത് ശക്തമായ മഴ. ഇന്നലെ ഉച്ചമുതല്‍ സന്നിധാനത്തും ഉള്‍നത്തിലുമടക്കം ശക്തമായ മഴയാണ് പെയ്യുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പമ്പയില്‍ ഒഴുക്ക് വര്‍ദ്ധിച്ചു.

കനത്ത ചൂടിനെ തുടര്‍ന്ന് പമ്പയില്‍ വെള്ളക്കുറവായിരുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പമ്പാ സ്‌നാനം നടത്തുന്ന വേളയില്‍ പോലും പമ്പാ നദിയില്‍ ഒഴുക്ക് കുറവായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി മാറി.
വനത്തിനുള്ളിലെ മഴയെ തുടര്‍ന്നുള്ള പമ്പയിലേക്ക് എത്തിതുടങ്ങി. ഇതോടെ ഒഴുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്.

മഴ ശക്തമായതോടെ സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ദുരിതവും ഇരട്ടിയായിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്‌ക്കാന്‍ അടക്കം ആവശ്യത്തിനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ചെളിവെള്ളത്തില്‍ പോലും ഇരുന്ന് വിശ്രമിക്കേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകര്‍.

സന്നിധാനത്തെ മാലിന്യ നീക്കവും കാര്യക്ഷമമല്ലാതെ വന്നതോടെ പല ഭാഗങ്ങളിലും ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കം കുമിഞ്ഞ് കൂടിയ നിലയിലാണ്. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികള്‍ നിറഞ്ഞ് അതില്‍ നിന്നുള്ള വെള്ളം മഴവെള്ളത്തിനൊപ്പം സന്നിധാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഒഴുകുകയാണ്.

ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ ചവിട്ടിയാണ് തീര്‍ത്ഥാടകര്‍ നടക്കുന്നത് പോലും. സന്നിധാനത്ത് ഇന്നലെ രാത്രി ദര്‍ശനം നടത്തിയ ശേഷം നെയ്യഭിഷേകത്തിനായി കാത്തിരുന്ന ഭക്തരാണ് വലിയ ദുരിതം അനുഭവിക്കേണ്ടി വന്നത്.

മാളികപ്പുറത്തേയ്‌ക്ക് പോകുന്ന വഴിയിലെ വരാന്തകളില്‍ ഇരുന്നാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും നേരം വെളുപ്പിച്ചത്. ഈ ഭാഗങ്ങളിലെല്ലാം മാലിന്യം ചിതറിക്കിടക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by