നവകേരള സദസ്സിന്റെ പശ്ചാത്തലത്തില്‍ പോലീസും സിപിഎമ്മും ഒറ്റക്കെട്ടായി സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങളില്‍ മുക്കുകയാണ്. എസ്എഫ്ഐ ക്രിമിനലുകളെ തനിക്കെതിരെ ഇളക്കിവിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തിരുവനന്തപുരത്ത് രാജ്ഭവനില്‍നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഗവര്‍ണറുടെ വാഹനത്തെ പലയിടങ്ങളിലായി എസ്എഫ്ഐ ക്കാര് ആക്രമിച്ചത് ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്റെ അറിവോടെയും പോലീസിന്റെ സമ്മതത്തോടെയുമായിരുന്നു. അത്യന്തം അപലപനീയമായ ഈ സംഭവത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ന്യായീകരിച്ചതും, ഗവര്‍ണറെ കടന്നാക്രമിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണവും അക്രമികള്‍ക്ക് രാഷ്ട്രീയവും ഭരണപരവുമായ പിന്തുണ നല്‍കുന്നതാണ്. ഇതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കോഴിക്കോട് സര്‍വകലാശാലയിലും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ അക്രമാസക്തമായ സമരം നടത്തിയത്. ഗവര്‍ണറെ സര്‍വകശാലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നുള്ള എസ്എഫ്ഐയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു. സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെപോലും പൂര്‍ണമായ നിയന്ത്രണത്തിലല്ല. സര്‍വകലാശാലകളുടെ പരമാധികാരികൂടിയാണ് ചാന്‍സലറായ ഗവര്‍ണര്‍. ഇങ്ങനെയൊരാള്ക്കാണ് പാര്‍ട്ടി സ്ഥാപനമെന്നപോലെ സര്‍വകലാശാലകളില്‍ എസ്എഫ്ഐ വിലക്കു കല്‍പ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന ഉല്ലാസയാത്രയിലുടനീളം സിപിഎമ്മുകാരും പോലീസും അഴിച്ചുവിടുന്ന അക്രമങ്ങള്‍ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരെ പോലീസിന്റെ ഒത്താശയോടെ സിപിഎമ്മുകാരും ഡിവൈഎഫ്ക്കാരും ക്രൂരമായി തല്ലിച്ചതച്ചത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്ന് പറയുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്. വഴിയരികില്‍ പ്രതിഷേധിച്ചവരെ പോലീസിന്റെ ലാത്തി വാങ്ങി അടിച്ച തന്റെ ഗണ്മാനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. തന്നെ രക്ഷിക്കാനുള്ളയാളാണ് ഗണ്മാനെന്നും, അതുകൊണ്ട് അടിച്ചത് ശരിയാണെന്നും പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷമാണ് ഗണ്മാന് അക്രമം കാണിച്ചത്. ക്രിമിനല്‍ മനസ്സുള്ള ഒരു ഭരണാധികാരിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി അനുചരന്മാര് കരുതിക്കൂട്ടി അക്രമം കാണിക്കുകയാണ്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഇതേ ഗണ്മാന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത് നിയമത്തെ പ്രഹസനമാക്കുന്നതാണ്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ കരിങ്കൊടി കാണിച്ച അംഗപരിമിതനെ പോലീസിന്റെ സഹായത്തോടെ സിപിഎമ്മുകാരന് മര്‍ദ്ദിച്ചതിനെയും പാര്ട്ടിക്കാര് ന്യായീകരിക്കുകയുണ്ടായി. ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസിന് പ്രത്യേക നിര്‍ദ്ദേശം നല്കി തല്ലിച്ചതച്ച സംഭവങ്ങള്‍ നിരവധിയാണ്.
പ്രതിപക്ഷത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമെതിരെ പ്രതികാരദാഹത്തോടെ മര്‍ദ്ദനം നടത്തുന്ന സര്‍ക്കാരിന്റെ നയംതന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപ്പാക്കുന്നതും. തന്റെ ധാര്‍ഷ്ട്യത്തെയും സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെയും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ വച്ചുപൊറുപ്പിക്കില്ലെന്നാണ് ഗവര്‍ണറോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവത്തില്‍നിന്നും യുദ്ധപ്രഖ്യാപനത്തില്‍നിന്നും തെളിയുന്നത്. വേണ്ടിവന്നാല്‍ രാജ്ഭവന് വളയുമെന്ന് സിപിഎം നേതാക്കള്‍ നേരത്തെ പരോക്ഷമായി ഭീഷണി മുഴക്കിയിരുന്നു. ഇതിന് വഴങ്ങുകയില്ലെന്നു കണ്ടപ്പോഴാണ് ഗവര്‍ണറെ തെരുവില്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിയമബോധവും ഇച്ഛാശക്തിയുമുള്ള ഗവര്‍ണര്‍ ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന പരസ്യ പ്രഖ്യാപനമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ കണ്ടത്. ഗവര്‍ണറെ സര്‍വകലാശാലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വീരവാദം മുഴക്കിയ എസ്എഫ്ഐക്കാര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. ജനങ്ങളെ അടിച്ചമര്‍ത്തിയും അവഹേളിച്ചും തന്റെ ഭരണപരാജയങ്ങള്‍ മൂടിവയ്ക്കാന്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും അതിരുകള്‍ ലംഘിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഗവര്‍ണറെ ആക്രമിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ജനങ്ങള്‍ക്കൊപ്പമാണെന്ന് നടിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരും ഈ സേച്ഛ്വാധിപത്യത്തിന് കുടപിടിച്ച് ഗവര്‍ണറെ നീചമായ ഭാഷയില്‍ നിന്ദിക്കുന്നു. ഇവരുടെ തനിനിറം തിരിച്ചറിയേണ്ടതുണ്ട്. ഭരണത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രി നേതൃത്വം നല്കുന്ന ഒരു ക്രിമിനല്‍ സംഘത്തിന്റെ കൈകളിലേക്ക് പോയിരിക്കുകയാണ്. ഇതില്‍നിന്ന് നാടിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: