കൊച്ചി: വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ പഠിപ്പിച്ച കേരളത്തില്‍ വിദ്യാഭ്യാസം വലിയ തകര്‍ച്ചയെ നേരിടുകയാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
സര്‍വ്വകലാശാലകളിലും കോളജുകളിലും മിടുക്കന്മാരായ വിദ്യാര്‍ഥികള്‍ പ്രവേശനം തേടാന്‍ പോലും തയ്യാറാകുന്നില്ല. വിദ്യാഭ്യാസത്തിനായി അവര്‍ കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളിലേക്കും ചേക്കേറികൊണ്ടിരിക്കുന്നതാണ് നമ്മള് കാണുന്നത്. വിദ്യാഭ്യാസരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ അതിവേഗം മുന്നേറുമ്പോള്‍ കേരളം ദയനീയമായ അവസ്ഥയിലൂടെകടന്നുപോകുന്നു.
പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള മനംമടുപ്പിക്കുന്ന വീരവാദങ്ങളും ദീര്‍ഘവീക്ഷണമില്ലാത്ത പരിഷ്കാരങ്ങളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ വളരെ വേഗം പിന്നോട്ടടിക്കുകയാണ്. അര്‍ത്ഥപൂര്‍ണമായ വിദ്യാഭ്യാസത്തിന് എന്നും മുന്‍തൂക്കം കൊടുത്തിരുന്ന മലയാളിക്ക് ഇന്ന് വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയില്‍ ആശങ്ക പൂണ്ടു നില്‍ക്കാനാണ് വിധി, സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസരംഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും പരിഹാരം തേടുവാനും ഈ നാട്ടിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തപസ്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: