ശബരിമല: അവധി ദിനത്തിലും തിരക്കില്ലാതെ ശബരീശ സന്നിധി. വലിയ നടപന്തലില്‍ ഒരു ഘട്ടത്തില്‍ തീര്‍ത്ഥാടകരുടെ നിര ഒരു വരി മാത്രമായി ചുരുങ്ങി. ധനു മാസത്തിലെ ആദ്യ ദിനമായ ഇന്നലെ വലിയ തിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സന്നിധാനത്ത് കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഉച്ച മുതല്‍ രാത്രി വൈകും വരെ തോരാതെ പെയ്ത കനത്ത മഴയും തീര്‍ത്ഥാടകരുടെ വരവിനെ ബാധിച്ചു.
തീര്‍ത്ഥാടകരില്‍ പലരും മഴക്കോട്ട് ധരിച്ചാണ് മലകയറി എത്തിയത്. കനത്ത മഴ മൂലം കുട്ടികളുമായി എത്തിയ തീര്‍ത്ഥാടകരില്‍ ബഹുഭൂരിപക്ഷവും പമ്പയില്‍ വിരി വെച്ച് മല കയറാനായി കാത്തിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചു വരെ ലഭിച്ച കണക്കനുസരിച്ച് 46,504 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്.
66,645 പേരാണ് ശനിയാഴ്ച ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സോപാനത്ത് പ്രത്യേക ക്യൂ സംവിധാനം നിലവില്‍ വന്നു. പതിനെട്ടാം പടി കയറിയെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഫ്‌ലൈ ഓവറില്‍ കയറാതെ ശ്രീകോവിലിന് തൊട്ട് മുമ്പിലെ വരിയിലൂടെ ദര്‍ശനം പൂര്‍ത്തിയാക്കി കടന്നു പോകുന്നതിന് ഉള്ള സൗകര്യം ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ചത്. ദര്‍ശനം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരില്‍ നല്ലൊരു ഭാഗവും പ്രസാദങ്ങളും വാങ്ങി വഴിപാടുകള്‍ നടത്തി മഴയെ അവഗണിച്ച് മലയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: