ചെന്നൈ: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ വെളളം പൊങ്ങി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കി.
തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.
തിരുനെല്‍വേലിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പഴയ ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ നിരവധി വീടുകളിലും വെള്ളം കയറി. മണി മുത്താറും താമ്രപര്‍ണി നദിയും കര കവിഞ്ഞു.പാപനാശം അണക്കെട്ട് തുറന്നു. ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുനെല്‍വേലിയിലേയും കന്യാകുമാരിയിലെയും നിരവധി സ്‌കൂളുകളിലും കല്യാണ മണ്ഡപങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോതയാര്‍ വനമേഖലയിലും മാന്‍ചോല മലയിലും മഴ കനത്തു. എന്നാല്‍ ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്താലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: