കാസര്‍കോട്: കെട്ടിടത്തിനു എന്‍ഒസി നല്‍കാതെ റെയില്‍വേ വര്‍ഷങ്ങളായി ബുദ്ധിമുട്ടിക്കുന്നതായി പരാതി. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി വയോധികനായ ബാലനാണ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ അധി കൃതര്‍ക്കെതിരെ പരാതി ഉന്നയിക്കുന്നത്. മൂന്നു വര്‍ഷത്തില്‍ കൂടുതലായി റെയില്‍വേ ഓഫീസില്‍ കയറിയിറങ്ങുകയാണ് ഈ വയോധികന്.
റെയില്‍വേ അതിരില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് തൃക്കരിപ്പൂര്‍ ഇളമ്പിച്ചിയില് 2019 ല്‍ നിര്‍മ്മിച്ച ഇദ്ദേഹത്തിന്റെ കെട്ടിടത്തിനാണ് റെയില്‍വേ അകലക്കുറവ് സംബന്ധിച്ച തര്‍ക്കത്താല്‍ നോ ഒബ്ജക്ഷന് സ ര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കുന്നതെന്നാണ് ബാലന് പറയുന്നത്. ഇക്കാരണത്താല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നതില്‍ പഞ്ചായത്ത് വിസമ്മതിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും പരിശോധനയില്‍ പരാതിക്കാരന്റെ കെട്ടിടം റെയില്‍വേ അതിരില്‍ നിന്ന് 30 മീറ്ററില്‍ കൂടുതല്‍ ദൂരമുണ്ടെന്ന് കണ്ടെത്തിയതുമാണ്.
റെയില്‍വേ തര്‍ക്കം ഉന്നയിച്ച കാരണത്താല്‍ എന്‍ഒസി കിട്ടുന്നതിന് വേണ്ടി നിശ്ചിത തുക പാലക്കാട് ഡിവിഷണല്‍ മാനേജരുടെ പേരില്‍ ഡിഡി യായി നല്‍കിയിട്ടുണ്ടെന്നും ഈ വൃദ്ധന് പറയുന്നു.
എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ലെന്നു റെയില്‍വേ അധികൃതര്‍ കാസര്‍കോട് എംപി ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചതായും ഇദ്ദേഹം പറയുന്നുണ്ട്. നിരവധി കെട്ടിടങ്ങള്‍ ഈ പ്രദേശത്തു തന്നെ യാതൊരു അനുമതിയുമില്ലാതെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുമ്പോള്‍ പണം അടച്ചിട്ടും അനുമതി നിഷേധിക്കരുതെന്നാണ് ബാലന് ആവശ്യപ്പെടുന്നത്.
റെയില്‍വേയുടെ നിഷേധാത്മക നിലപാടിനെതിരെ മനുഷ്യാവകാശ കമ്മിഷന് മുമ്പാകെയും ബാലന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: