മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഭാരതത്തിന്റെ ടെസ്റ്റ് പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കില്ല. ഇക്കാര്യം ഇന്നലെ ഭാരത ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) തീര്‍ച്ചപ്പെടുത്തി.
33കാരനായ താരം കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലാണുള്ളത്, ഫിറ്റ്‌നസ് നേടിയെടുക്കാനും സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് താരത്തെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. സ്വകാര്യ ആവശ്യം പരിഗണിച്ച് ഏകദിന ടീമില്‍ നിന്നും ദീപക് ചഹറും പിന്‍മാറിയിട്ടുണ്ട്.
കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന ഷമിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭാരതത്തിന് വലിയ പ്രഹരമാണ്. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27.71 ശരാശരി റണ്‍സ് വഴങ്ങി 229 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. നിലവിലെ ഭാരത ബൗളര്‍മാരില്‍ കൂടുതല്‍ പരിചയ സമ്പന്നനും ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനുമാണ് മുഹമ്മദ് ഷമി. താരം പിന്‍മാറുന്നതോടെ അഞ്ച് പേസര്‍മാരാണ് ദക്ഷിണാഫ്രിക്കയ്‌ക്കിതെരായ ടെസ്റ്റ് പരമ്പരയില്‍ ഭാരത നിരയില്‍ ഉള്‍പ്പെടുക. ജസ്പ്രീത് സിങ് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ഷര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ. ഈ മാസം 26ന് കേപ്ടൗണിലാണ് ആദ്യ ടെസ്റ്റ്. രണ്ട് ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ടെസ്റ്റിന് മുമ്പേ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഏകദിന ടീമില്‍ നിന്നാണ് മറ്റൊരു താരം ദീപക് ചഹര്‍ പെട്ടെന്ന് ടീമില്‍ നിന്നും പിന്‍മാറിയത്. ഏകദിന ടീമില്‍ ഉള്‍പ്പെട്ട താരം കുടുംബപരമായ അത്യാവശ്യം കാരണം നാട്ടിലേക്ക് മടങ്ങി. ദീപക്കിന് പകരം ആകാശ് ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ഏകദിനത്തില്‍ ശ്രേയസ് അയ്യരെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് മറ്റൊരു വലിയ മാറ്റം. ഓപ്പണറും നായകനുമായ രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മധ്യനിരതാരം ശ്രേയസ്സിനെ ഓപ്പണിങ് സ്ഥാനത്തേക്ക് ഉയര്‍ത്തി പരീക്ഷണം നടത്താനാണ് തീരുമാനം. രാഹുല്‍ ദ്രാവിഡ് നയിക്കുന്ന ഭാരത ക്രിക്കറ്റിന്റെ സമ്പൂര്‍ണ പരിശീലക സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: