കൊല്ലം: മിനി സിവില്‍ സ്റ്റേഷന്‍ തഴവയില്‍ തഴപായ് നയ്യുന്ന തൊഴിലാളി വികലമായ കാഴ്ചപ്പാടും സാമ്പത്തിക പ്രതിസന്ധിയും മൂലം വികസനം മുരടിച്ച ‘നവകേരള’ത്തിലൂടെ കോടികള്‍ ധൂര്‍ത്തടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള യാത്ര കൊല്ലത്തേക്ക് എത്തുകയാണ്.
അറബിക്കടലിന്റെ രാജകുമാരന്‍, കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം, കശുവണ്ടി ഫാക്ടറികളുടെ നാട്….വിശേഷണങ്ങള്‍ ഏറെയായിരുന്നു കൊല്ലത്തിന്. ‘കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട’ എന്ന ചൊല്ലില്‍ നിന്നു തന്നെ എത്രമനോഹരമായിരുന്നു എന്നു മനസ്സിലാകും. എന്നാല്‍, നവകേരളത്തില്‍ ഈ ചൊല്ല് കൊല്ലത്തിന് ചേരില്ല. കേരളത്തിന്റെ അഭിമാനമായിരുന്ന കശുവണ്ടി വ്യവസായം ഇന്ന് കൈത്താങ്ങില്ലാതെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോകുകയാണ്.
പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുന്നു. ചെറുതും വലതുമായ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടലിലോ, അടച്ചു പൂട്ടലിന്റെ വക്കിലോ ആണ്. സാധരണക്കാരന്‍ നികുതി പണമായി നല്‍കുന്ന പണം ഉപയോഗിച്ച് കോടികള്‍ ധൂര്‍ത്തടിച്ചുകൊണ്ട് നടക്കുന്ന യാത്ര ജില്ലയിലേക്ക് എത്തുമ്പോള്‍ വലിയ വികസന നേട്ടങ്ങളാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഇവയെല്ലാം വെറും മുഖംമൂടി മാത്രമാണെന്നത് നേര്‍ സാക്ഷ്യമാണ്. പല പദ്ധതികളും പാതിവഴിയിലായി, വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരനെ വലയ്‌ക്കുകയാണ്. വികസനമുരടിപ്പിലൂടെ കടന്നു പോകുന്ന ജില്ലയ്‌ക്ക് പറയാന്‍ ഏറെയുണ്ട്..
വികസനം പിന്നോട്ടുപോയ തീരദേശ മേഖല
അഴീക്കല്‍ മത്സ്യബന്ധന തുറമുഖവും, ബീച്ചും ഉള്‍പ്പെടെയുള്ള കരുനാഗപ്പള്ളിയുടെ തീരപ്രദേശത്ത് പലപ്പോഴും അപകടങ്ങള്‍ പതിവാണ്. അതുകൊണ്ടുതന്നെ അഴീക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, അഴീക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിലും അടിയന്തര ശുശ്രൂഷക്ക് ഡോക്ടര്‍മാരും, ജീവനക്കാരും ഉള്‍പ്പെടെ കൂടുതല്‍, സൗകര്യങ്ങള്‍ ഒരുക്കണമെന്ന തീരദേശവാസികളുടെ ആവശ്യങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
സുനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിട സമുച്ചയങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നു. ആയിരക്കണക്കിന് ആള്‍ക്കാര്‍ എത്തുന്ന അഴീക്കല്‍ ബീച്ചില്‍ ആവശ്യത്തിന് ലൈഫ് ഗാര്‍ഡുകളെ നിയമിക്കാത്തത് അപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു.
രക്ഷപെടാന്‍ സൗകര്യങ്ങളില്ലാത്തതാണ് സുനാമി ദുരന്തത്തില്‍ മരണസംഖ്യ ഉയരാന്‍ കാരണം എന്ന കണ്ടെത്തലിനെ തുടര്‍ന്ന് അഞ്ച് പാലങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടും രണ്ടെണ്ണമാണ്
നിര്‍മിച്ചത്. കാട്ടില്‍കടവ് പാലത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചതായി പറയുന്നെങ്കിലും പള്ളിക്കടവ്, വെള്ളനാതുരുത്ത് പാലങ്ങള്‍ ഇപ്പോഴും ചുവപ്പുനാടയിലാണ്.
കേരളത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന മണല്‍ ഖനനം നിയന്ത്രിച്ചും പുലിമുട്ടുകള്‍ നിര്‍മിച്ചും, അവശേഷിക്കുന്ന തീരദേശം സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകും.
സുനാമി കോളനികളുടെ ദയനീയാവസ്ഥ
സുനാമി പുനരധിവാസ കോളനികളിലെ കെട്ടിടങ്ങള്‍ അപകടകരമായ നിലയിലായിട്ട് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ഭയപ്പാടോടെയാണ് ജനങ്ങള്‍ കഴിയുന്നത്. കുടിവെള്ളവും വെളിച്ചവും വഴിയുമില്ലാതെ ജനങ്ങള്‍ വലയുന്നു. കുലശേഖരപുരം 21-ാം വാര്‍ഡില്‍ താമസിക്കുന്ന ‘സാന്ത്വന്‍’ സുനാമി പുനരധിവാസകോളനി നിവസികള്‍ ഉള്‍പ്പെടെയുള്ളവര്‍ തീരാദുരിതത്തിലാണ്.
2004 ല്‍ ആലപ്പാട് പഞ്ചായത്തിലുണ്ടായ സുനാമി ദുരന്തത്തെ തുടര്‍ന്ന് 3000 ത്തോളം കുടുംബങ്ങളെയാണ് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചത്. ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി
എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ നാല് സെന്റ് ഭൂമിയില്‍ സന്നദ്ധ സംഘടനകളാണ് ഭൂരിപക്ഷം വീടുകളും നിര്‍മിച്ചു നല്‍കിയത്. മിക്ക സുനാമി കോളനികളും ചതുപ്പ് പ്രദേശ
ങ്ങളിലാണ് നിര്‍മിച്ചത്.
സാന്ത്വന്‍ കോളനികളിലെ കുടുംബങ്ങള്‍ ആലപ്പാട്ട് പണ്ടാരതുരുത്ത്, കുഴിത്തുറ എന്നിവിടങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇവിടെ താമസം തുടങ്ങിയിട്ട് 12 വര്‍ഷങ്ങളായി. ഇവര്‍ താമസിക്കുന്ന വീടുകളുടെ ഭിത്തിയില്‍ വിള്ളലുകള്‍ വീണു തുടങ്ങിയിട്ടുണ്ട്. കതകുകളും ജന്നലുകളും ജീര്‍ണിച്ച് തുടങ്ങി. മഴ പെയ്താല്‍ വെള്ളം വീടിനുള്ളില്‍ വീഴുന്ന സ്ഥിതിയാണ്.
തഴവ ഗവ. കോളേജ്
2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്നു. കോളേജിന് കെട്ടിടം നിര്‍മിക്കുന്നതിന് ഐഎച്ച്ആര്‍ഡി എഞ്ചിനിയറിങ് കോളേജില്‍ നിന്ന് അഞ്ച് ഏക്കര്‍ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കിഫ്ബി വഴി 13.5 കോടി രൂപയ്‌ക്ക് ഭരണാനുമതി ലഭിച്ചെന്ന് പറയുന്നെങ്കിലും കെട്ടിടത്തി
ന്റെ നിര്‍മാണം ഇതുവരെയും തുടങ്ങിയിട്ടില്ല.
കോടതി സമുച്ചയം
കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ കോടതികള്‍ക്ക് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് കോടതി സമുച്ചയത്തിന് പണം അനുവദിച്ചെങ്കിലും സ്ഥലം അനുവദിച്ച് നല്‍കുന്നതിലെ തത്പര കക്ഷികളുടെ ഇടപെടല്‍ ഇതിന് കാലതാമസം വരുത്തി. അതുകൊണ്ട് തന്നെ കോടതി പ്രവര്‍ത്തനങ്ങള്‍ എല്ലാം വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി.
സ്വകാര്യ ബസ് സ്റ്റാന്റിനായി നഗരസഭയുടെ കൈവശം ഉള്ള സ്ഥലം കെട്ടിട സമുച്ചയത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയെങ്കിലും തീരുമാനം ആയില്ല.
സ്വകാര്യ ബസ് സ്റ്റാന്റ്
തിരക്കേറിയ കരുനാഗപ്പള്ളിയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമായ സ്വകാര്യ ബസുകളുടെ അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കാന്‍ സൗകര്യപ്രദമായി ബസ് സ്റ്റാന്റ് സ്ഥാപിക്കണം.
പാര്‍ക്കിങ്
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഇല്ല എന്നത് കരുനാഗപ്പള്ളിയിലെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വിവിധ ബജറ്റുകളില്‍ പ്രതിപാദിച്ചെങ്കിലും ഇനിയും പരിഹാരം കാണാന്‍ കഴിയാതെ നീണ്ടുപോകുകയാണ്. കരുനാഗപ്പള്ളിയിലെ പാര്‍ക്കിങ് പ്രശ്നം. മാര്‍ക്കറ്റ് റോഡില്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ നിറുത്തിയിട്ട് സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് വലിയ ഗതാഗതക്കുരുക്കിനും വഴിവെയ്‌ക്കുന്നുണ്ട്.
റോഡുകള്‍
കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വിവിധ റോഡുകളല്ലാതെ സംസ്ഥാന പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ കരുനാഗപ്പള്ളി മണ്ഡലത്തിലുടനീളം ശോചനീയമായി തുടരുന്നു. നിര്‍മാണത്തിലെ അഴിമതി കാരണം കാലാവധി പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ റോഡ് സഞ്ചാരയോഗ്യമല്ലാതാകുന്നു. ഗ്രാമീണ മേഖലകളിലേതുള്‍പ്പെടെ പല റോഡുകളുടെയും അവസ്ഥ പരമ ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര പലപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
പരമ്പരാഗത തൊഴില്‍
തഴപ്പ, കയര്‍-കയര്‍ ഉല്‍പ്പന്നങ്ങള്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിലിന്റെ ഈറ്റില്ലമായി കരുനാഗപ്പള്ളി അറിയപ്പെട്ട കാലഘട്ടമുണ്ടായിരുന്നു. ഇതില്‍ കൂടി ആയിരക്കണക്കിന് കുടുംബങ്ങളാണ് അന്നത്തിന് വഴി കണ്ടെത്തിയിരുന്നത്. തഴപ്പായുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കയര്‍ മേഖലയും, കൈത്തറിയും ചുരുക്കം ഇടങ്ങളിലേക്ക് ചുരുങ്ങി. കശുവണ്ടി മേഖലയും പ്രതിസന്ധി നേരിടുന്നു.
മിനി സിവില്‍ സ്റ്റേഷന്‍
വിവിധ വകുപ്പുകളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന മിനിസിവില്‍ സ്റ്റേഷനിലെ പരിമിതികണക്കിലെടുത്ത് പുതിയതായി സിവില്‍ സ്റ്റേഷന്റെ അനുബന്ധ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായെങ്കിലും നടപടി ആയില്ല. കെഐപി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അധീനതയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ഈ ആവശ്യത്തിലേക്ക് ഉപയോഗിക്കാന്‍ നടപടി കൈക്കൊള്ളണം എന്ന ആവശ്യമാണ് ഉയരുന്നത്.
താലൂക്ക് ആശുപത്രി
രണ്ടായിരത്തിലധികം രോഗികള്‍ എത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍ പലതും ഇപ്പോഴും കടലാസുകളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങുക
യാണ്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവം ആശുപത്രിയെ ബാധിക്കുന്നു. നേത്രരോഗ വിഭാഗത്തിലേക്ക് ഡോക്ടര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഡോക്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊളിച്ചുമാറ്റിയ ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മിച്ചു നല്‍കാനും നടപടി ആയില്ല. ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ആശുപത്രിയില്‍ നിത്യേന നിരവധി രോഗികള്‍ അപകടത്തില്‍പ്പെട്ട് എത്താറുണ്ടെങ്കിലും അടിയന്തര ചികിത്സക്കാവശ്യമായ ബ്ലഡ് ബാങ്ക് അനുവദിക്കണമന്ന ആവശ്യവും നടപ്പാക്കിയില്ല.
റെയില്‍വേ മേല്‍പ്പാലം
തീരദേശ മേഖലയിലുള്ള കരുനാഗപ്പള്ളിയെ കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനറോഡുകളില്‍ സ്ഥിതി ചെയ്യുന്ന ചിറ്റുമൂല, ഇടക്കുളങ്ങര, മാളിയേക്കല്‍ റെയില്‍വെ ക്രോസുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2014-ല്‍ അധികാരമേറ്റ മോദി സര്‍ക്കാറിന്റെ ആദ്യ ബഡ്ജറ്റില്‍ തന്നെ മാളിയേക്കല്‍, ചിറ്റുമൂല, മേല്‍പ്പാലങ്ങള്‍ക്ക് അനുമതി നല്‍കി. പിന്നീട് തുടര്‍ന്നുവന്ന ബജറ്റില്‍ ഇടക്കുളങ്ങര മേല്‍പ്പാലത്തിനും അനുമതി ലഭിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ്. മാളിയേക്കല്‍ മേല്‍പ്പാലം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: