തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തരോട് കാട്ടുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലടീച്ചര്‍. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഹിന്ദുവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സര്‍ക്കാരും ദേവസ്വംബോര്‍ഡും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ അയ്യപ്പഭക്തന്മാരെ ദുരിതത്തിലേക്ക് തള്ളിവിടുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ശുദ്ധവായുപോലുമോ ലഭിക്കാത്ത വിധം ബസിലും മറ്റുമായി ഭക്തരെ പൂട്ടിയിടും വിധം തടഞ്ഞുവയ്ക്കുകയായിരുന്നു. വെള്ളംകിട്ടാതെ കുഞ്ഞുമാളികപ്പുറം മരിച്ചിട്ടും ദേവസ്വംമന്ത്രിയും ദേവസ്വംബോര്‍ഡും പറയുന്നത് അയ്യപ്പഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ വരെ പോയി സഹായധനം പ്രഖ്യാപിച്ചവര്‍ കുഞ്ഞുമാളികപ്പുറത്തിന്റെ മരണം കണ്ടില്ലെന്ന് നടിക്കുന്നു.
സന്നദ്ധ പ്രവര്‍ത്തകരെ തടഞ്ഞുകൊണ്ട് എല്ലാം തങ്ങള്‍ ചെയ്തോളാമെന്ന് കോടതിയിലുള്‍പ്പെടെ പറഞ്ഞ ദേവസ്വംബോര്‍ഡ്, ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോലും നല്‍കാതെ ഭക്തരെ ക്രൂരമായി ദ്രോഹിക്കുകയാണ്. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന മനോഭാവത്തോടെയാണ് ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കാന്‍ സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന ദേവസ്വം മന്ത്രിസ്ഥാനം കഴിഞ്ഞ രണ്ടുതവണയായി സിപിഎം നേരിട്ടേറ്റെടുത്തത് ക്ഷേത്രങ്ങള്‍ നശിപ്പിച്ച് പാര്‍ട്ടി കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ വേണ്ടിയാണ്.
നവകേരള യാത്ര നടത്തുന്ന ബസിനേക്കാള്‍ സൗകര്യമാണ് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി തയാറാക്കിയിട്ടുള്ള ബസിലെ സൗകര്യം എന്നുപറഞ്ഞ ദേവസ്വംമന്ത്രിയുടെ തലയ്ക്ക് എരുമച്ചാണകം വയ്ക്കേണ്ട സമയമായിരിക്കുന്നു. സാധാരണ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ക്കുള്‍പ്പെടെ ശബരിമല തീര്‍ത്ഥാടനകാലത്ത് സ്പെഷല്‍ സര്‍വീസ് ഓപ്പറേറ്റു ചെയ്യുന്നവെന്ന് കാട്ടി 35 ശതമാനം അധിക ചാര്‍ജ് ഭക്തരില്‍ നിന്ന് ഈടാക്കുകയാണ്. ഭക്തരുടെ പണം മാത്രം മതിയെന്ന നിലയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയെ കാണുന്നത്. ക്രിസ്തുമസ് പരീക്ഷ കഴിയുന്നതോടെ കുട്ടികളുടേതുള്‍പ്പെടെ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിക്കും. ഇനിയും അയ്യപ്പഭക്തരെ ഭക്ഷണവും വെള്ളവും നല്‍കാതെ ദ്രോഹിക്കാനാണ് ഭാവമെങ്കില്‍ ഹിന്ദുസംഘടനകള്‍ക്ക് ശബരിമലയിലേക്ക് പോകേണ്ടിവരുമെന്നും ഭക്തരുടെ ക്ഷേമകാര്യങ്ങളില്‍ ഇടപെടേണ്ടി വരുമെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ശബരിമല കേന്ദ്രീകരിച്ച് കേരളത്തിലുണ്ടാകുന്ന ഹിന്ദു മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ശബരിമലയെത്തന്നെ തകര്‍ക്കുന്ന നടപടികളാണ് സിപിഎം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷനായി.
മാനവീയം വീഥിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പ്രവേശന കവാടത്തില്‍ പോലീസ് തടഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സെക്രട്ടറി കെ. പ്രഭാകരന്, സമിതി അംഗം സന്ദീപ് തമ്പാനൂ
ര്‍, മഹിളാ ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് ജയസതീഷ്, സെക്രട്ടറി സൂര്യപ്രേം, ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി അറപ്പുര ബിജു, ജില്ലാ സെക്രട്ടറി അഴൂര്‍ ജയകുമാര്‍, സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സഹസംഘടന സെക്രട്ടറി പൂഴനാട് വേണു, ഖജാന്‍ജി നെടുമങ്ങാട് ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: