കൊല്ലം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം വിട്ടുകൊടുത്ത ദേവസ്വം ബോർഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ പുതിയ വേദി കണ്ടെത്തി സംഘാടകർ. ചക്കുവള്ളി മൈതാനത്തിന് സമീപത്താണ് പുതിയ വേദി. ക്ഷേത്ര മൈതാനത്തെ പന്തൽ പൊളിച്ചു തുടങ്ങി. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് ഹൈക്കോടതി നടപടി.
കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുന്നത്തൂരിലെ നവകേരള സദസ്.
തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് നടപടി. ഈ കോടതി വിധി മറ്റു രണ്ടു വേദികളുടെ കേസിനെ ബാധിക്കും. കൊല്ലം കടയ്ക്കൽ ക്ഷേത്ര മൈതാനം, ശാർക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ വേദികൾക്കെതിരായ കേസ് തിങ്കളാഴ്ച പരിഹരിക്കാനിരിക്കെയാണ് ഈ ഉത്തരവ്. സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് ഹർജികാർക്ക് വേണ്ടി അഡ്വ. വി. സജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
ക്ഷേത്ര പൂജകളെയും ഭക്തരുടെ പ്രവേശനത്തെയും പരിപാടി ബാധിക്കുമെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. ഇവ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: