നാമക്കല്‍ (തമിഴ്‌നാട്): ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ മുഴങ്ങുക നാമക്കല്‍ മണികള്‍. ഏഴു പതിറ്റാണ്ടിന്റെ അനുഭവത്തില്‍ ഏറ്റവും ഭവ്യമായ ജോലിയായിരുന്നു രാമക്ഷേത്രത്തിലേക്കുള്ള മണികളുടെ നിര്‍മ്മാണമെന്ന് നാമക്കല്‍ സ്വദേശി കാളിദാസ് പറയുന്നു.
നാല്പത്തെട്ട് രാജകീയ മണികളാണ് ഭഗവാന്‍ ശ്രീരാമന് വേണ്ടി നാമക്കല്ലിലെ കരകൗശല വിദഗ്ധര്‍ നിര്‍മ്മിച്ചത്. ഇതില്‍ 12 വലിയ മണികളും 36 കൈമണികളും ഉള്‍പ്പെടെയാണിത്. മൊത്തം 1200 കിലോഗ്രാം ഭാരമുള്ള ഈ മണികള്‍ കാളിദാസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ആണ്ടാള്‍ മോള്‍ഡിങ് വര്‍ക്ക്സിലെ 25 ശില്പികളുടെ കലാ വൈദഗ്ധ്യത്തില്‍ രൂപം
കൊണ്ടവയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി രാജേന്ദ്ര നായിഡുവാണ് രാമക്ഷേത്രത്തിലേക്ക് ഈ മണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ചെമ്പ്, വെള്ളി, പിത്തള തുടങ്ങിയ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ് മണികളെല്ലാം. 70 കിലോ ഭാരമുള്ള അഞ്ച് ക്ഷേത്ര മണികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ, 60 കിലോഗ്രാം തൂക്കമുള്ള ആറെണ്ണവും 25 കിലോഗ്രാം ഭാരമുള്ള ഒരെണ്ണവും 36 കൈമണികളുമാണ് നിര്‍മ്മിച്ചത്. മണി നിര്‍മ്മാണത്തില്‍ നിന്ന് ഇരുമ്പ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്ന് കാളിദാസ് പറഞ്ഞു. മലേഷ്യ, സിംഗപ്പൂര്‍, ലണ്ടന്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ഖ്യാതി നേടിയ നിര്‍മ്മാണ വൈദഗ്ധ്യമാണ് നാമക്കല്‍ മണികളുടേത്.
പൂര്‍ത്തിയായ മണികള്‍ നാമക്കല്‍ ആഞ്ജനേയര്‍ ക്ഷേത്രത്തില്‍ പൂജിച്ചു. രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി നാമക്കലില്‍ ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ട്രക്കില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: