ന്യൂദല്‍ഹി: ലക്ഷക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ക്കു പ്രയോജനമാകേണ്ട ശബരി റെയില്‍പ്പാത പദ്ധതി അനിശ്ചിതത്വത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരെന്നു കേന്ദ്രം. കേരളത്തില്‍ മാറി മാറി ഭരണത്തിലെത്തിയ ഇടതു വലത് സര്‍ക്കാരുകളുടെ മെല്ലെപ്പോക്ക് പദ്ധതിക്കു തടസമായി.
കേരള സര്‍ക്കാര്‍ നയങ്ങളും സമരങ്ങളും പദ്ധതിക്കു പ്രശ്നമായെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. 1997ല്‍ പ്രഖ്യാപിച്ച പദ്ധതിക്ക് റെയില്‍വെ 264 കോടി ചെലവാക്കിയിട്ടുണ്ട്. അങ്കമാലി-പെരുമ്പാവൂര്‍ 17 കിലോമീറ്ററില്‍ നിര്‍മാണം ആരംഭിച്ചിരുന്നു. ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥലമെടുപ്പ്, പാതയുടെ അലൈന്മെന്റ് എന്നിവയ്ക്കെതിരേ സമരമുണ്ടായി, പദ്ധതിക്കെതിരേ കോടതിയലക്ഷ്യ കേസുകളും. സംസ്ഥാന സര്‍ക്കാര്‍ കാര്യമായി പിന്തുണച്ചില്ല. ഇവയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്. വനപ്രദേശം, സര്‍വേ പ്രശ്നങ്ങള്‍ എന്നിവ കാരണം എരുമേലിയില്‍ അലൈന്മെന്റ് അവസാനിപ്പിച്ചു. അങ്കമാലി-എരുമേലി 111 കിലോമീറ്റര്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കെആര്‍ഡിസിഎല്‍ തയ്യാറാക്കിയിട്ടുണ്ട്. പദ്ധതിച്ചെലവ് 3,726.95 കോടിയായി വര്‍ധിച്ചത് അപ്ഡേറ്റ് ചെയ്തെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
ചെങ്ങന്നൂര്‍-പമ്പ റെയില്‍വെ പദ്ധതി ആരംഭിക്കണമെന്ന ആവശ്യമുണ്ട്. ചെങ്ങന്നൂര്‍-പമ്പ (75 കിലോമീറ്റര്‍) പുതിയ പാതയുടെ അന്തിമ സര്‍വേയ്ക്ക് അനുമതി നല്കി, പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ സര്‍വേ തുടങ്ങി, മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏതൊരു റെയില്‍വെ പ്രോജക്ടിന്റെയും പൂര്‍ത്തീകരണം സംസ്ഥാന സര്‍ക്കാരിന്റെ ദ്രുതഗതിയിലുള്ള ഭൂമിയേറ്റെടുക്കല്‍, സ്ഥലം കൈമാറല്‍, നിയമപരമായ അനുമതികള്‍ ലഭ്യമാക്കല്‍, ഭൂമിശാസ്ത്രപരവും ഭൂപ്രകൃതിപരവുമായ അവസ്ഥകള്‍, ക്രമസമാധാന വിഷയങ്ങള്‍, പ്രോജക്ട് സൈറ്റ് പ്രദേശത്തെ സാഹചര്യം, കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: