ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിയത്. വാരാണസിയിലെ ജ്ഞാന്‍വാപി ക്ഷേത്രത്തില്‍ നടന്ന അതേ രീതിയില്‍ മഥുരയിലും സര്‍വേ നടത്താനാണ് ഹൈക്കോടതി നിര്‍ദേശം.
മസ്ജിദ് കമ്മിറ്റിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹുസേഫ അഹമ്മദി സുപ്രീം കോടതിയില്‍ ഹാജരായി. അവധിക്കു ശേഷം കേസ് പരിഗണിക്കാമെന്നും ജനുവരി ഒന്‍പതിന് തുടര്‍വാദം ആരംഭിക്കുമെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഷാഹി ഈദ്ഗാ മസ്ജിദ് സര്‍വേയ്ക്ക് അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയാണ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചത്.
ഷാഹി ഈദ്ഗാ മസ്ജിദില്‍ ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളുമുണ്ടെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇതേക്കുറിച്ച് അറിയാന്‍ അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തില്‍ പരിശോധിക്കമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ 13.37 ഏക്കറിലെ ക്ഷേത്രം തകര്‍ത്താണ് ഈദ്ഗാ മസ്ജിദ് നിര്‍മിച്ചതെന്നാണ് വാദം. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: