മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷനേതാവിന് എന്തെങ്കിലും നല്ലതു പറയാനുണ്ടോ? അതില്ലേയില്ല. പ്രതിപക്ഷ നേതാവിനെക്കുറിച്ച് മുഖ്യമന്ത്രിക്കും അങ്ങിനെതന്നെ. മുഖ്യമന്ത്രിയെക്കുറിച്ച് മാത്രമല്ല, ഇ ഡിയെക്കുറിച്ചും വി.ഡി. സതീശന്റെ അഭിപ്രായം മറിച്ചല്ല. പ്രതിപക്ഷനേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുന്ന ഇ ഡി എന്തേ മുഖ്യമന്ത്രിക്കെതിരെ അന്വേഷിക്കുന്നില്ല എന്നാണ് പരാതി. ഒറിസയിലെ കോണ്‍ഗ്രസ് നേതാവിനെ ഇ ഡി ചോദ്യം ചെയ്തു. പെട്രോള്‍ വിലയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടിയ വിദ്വാന്. ഇ ഡിക്ക് കിട്ടിയത് എത്രയാണെന്നല്ലെ? വെറും 353 കോടി രൂപ. കേരള മുഖ്യനെയും വേണ്ടിവന്നാല്‍ മകളെയും ചോദ്യം ചെയ്യാന്‍ ഒട്ടും മടിക്കില്ല. രാഹുലിനേയും അമ്മയേയും ചോദ്യം ചെയത ഇ ഡിക്ക് കേരളത്തിലിറങ്ങാന്‍ ആരെ ഭയക്കണം? ബിജെപിയും മുഖ്യമന്ത്രിയും തമ്മിലൊരു അന്തര്‍ധാര ഉണ്ടെന്നും ഇ ഡി വരാത്തത് അതുകൊണ്ടാണെന്നുമൊക്കെയുള്ള കള്ളക്കഥകള്‍ തകര്‍ന്നുവീഴുന്ന കാലം വരും സതീശാ.
എന്നാല്‍ സതീശന്റെ പാര്‍ട്ടിയും പിണറായിയുള്ള പാര്‍ട്ടിയും തമ്മിലുള്ളത് അന്തര്ധാരയല്ലല്ലോ. പരസ്യമായ ചങ്ങാത്തമല്ലെ. ദല്‍ഹിയില്‍ രാഹുലും സീതാറാം യെച്ചൂരിയും തമ്മിലുള്ള ബന്ധമെന്താണ്? ഇരുവരും മച്ചാമച്ചാ ബന്ധമല്ലെ. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഒരേ മുന്നണിയല്ലെ. കര്‍ണാടകയിലും അത് കണ്ടതല്ലെ? അതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടായോ എന്ന് ചോദിച്ച് വേദനിപ്പിക്കുന്നില്ല. രണ്ടുകൂട്ടര്‍ക്കും ബിജെപിയെ പൂട്ടണം എന്നേ ചിന്തയുള്ളൂ. രണ്ടുകൂട്ടരെക്കുറിച്ചും എന്തുപറയാന്‍. കൊല്ലാന്‍ പിടിച്ചാലും പോറ്റാന്‍ പിടിച്ചാലും കിയോ കിയോ എന്നുകരയും പോലെ.
വി.ഡി. സതീശന്റെ ഉറ്റമിത്രമാണല്ലൊ ടി.എന്‍.പ്രതാപന്. മുഖ്യമന്ത്രിക്ക് പ്രതാപനെക്കുറിച്ചെന്താണഭിപ്രായം എന്നറിയേണ്ടെ. കേന്ദ്ര സര്‍ക്കാരിനെതിരെ അടിയന്തിരപ്രമേയം അവതരിപ്പിച്ചത് അസ്സലായി എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാഗതാര്‍ഹമായ നടപടിയാണിത്. മുഖ്യമന്ത്രിയുടെ ഈ തല്ലും തലോടലും രസകരമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി, കക്ഷിരാഷ്ട്രീയം നോക്കി കാര്യങ്ങള്‍ നടത്തുന്നു എന്നാണ് പ്രതാപന്റെ പരാതി. അതുകൊണ്ട് കേരളത്തിന് കിട്ടേണ്ട സഹായം കിട്ടുന്നില്ല. കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുപോലും കാശു നല്‍കുന്നില്ല എന്നതാണ് പ്രതാപന്റെ പരിഭവം. കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്കുപോലും ഇല്ലാത്ത ഈ കഞ്ഞിക്കാശിന്റെ കള്ളക്കണക്ക് പ്രതാപന് പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് അതില്‍പ്പരം സന്തോഷമെന്തുണ്ട്. ഏതായാലും കേരളം കേന്ദ്രധനമന്ത്രിയോട് പരാതിപറയാതെ പരിഭവം സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കുന്നു.
സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളോ പുതിയ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി നല്‍കുന്നില്ലത്രെ. ഇത് ഫെഡറല്‍ തത്ത്വങ്ങള്‍ക്കെതിരാണ്. ബിജെപി ഇതര സര്‍ക്കാരുകളോട് ചിറ്റമ്മ നയം സ്വീകരിക്കുന്നു. ഇത് അംഗീകരിക്കാന്‍ പറ്റില്ല. 2018ലെ പ്രളയകാലത്ത് സംസ്ഥാനത്തിന് ലഭിക്കേണ്ട വിദേശ സഹായം പോലും തടയപ്പെട്ടു എന്നുകൂടി പ്രതാപന് പറയുമ്പോള്‍ മുഖ്യമന്ത്രിക്കെങ്ങനെ സന്തോഷം വരാതിരിക്കും. ഇത്രയും നുണ പ്രചരണം നടത്താന്‍ സ്വന്തം സഖാക്കള്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബിജെപിക്ക് കേരളത്തില്‍ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാമനോഭാവത്തോടെ പെരുമാറാമോ എന്ന പ്രതാപന്റെ ചോദ്യം മുഖ്യനെ വല്ലാതെ സന്തോഷിപ്പിക്കുന്നത് സ്വാഭാവികം.
ഇതുതന്നെയല്ലെ മുഖ്യമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണെന്നല്ലെ മുഖ്യമന്ത്രി പറഞ്ഞത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് തന്നെ വസ്തുതാവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സൗജന്യത്തിനോ ഔദാര്യത്തിനോ ആവശ്യപ്പെടുന്നില്ല. ന്യായമായി ലഭിക്കേണ്ട നികുതിവിഹിതം കിട്ടണമെന്ന ആവശ്യമേ ഉന്നയിക്കുന്നുള്ളൂ.
‘കേരളം നേടിയ നേട്ടങ്ങള്‍ക്കൊപ്പം ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങളും ജനങ്ങള്‍ക്കു മുന്പില് അവതരിപ്പിച്ചാണ് നവകേരള സദസ് മുന്നോട്ടുപോകുന്നതത്രെ. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി നമ്മുടെ സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. അത് പൊതു അഭിപ്രായമായി വരുമ്പോള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു.
റേഷന്‍ അരി മുതല്‍ എല്ലാ വീടുകളിലും വെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന് വരെ കേന്ദ്ര പദ്ധതിയാണെന്നതല്ലെ സത്യം. പദ്ധതിയുടെ പേരുമാറ്റി പിണറായി സര്‍ക്കാര്‍ കബളിപ്പിക്കുന്നുവന്നാണ് ബിജെപിയുടെ എക്കാലത്തെയും പരാതി. കേരളത്തിലെ 95 ശതമാനം പേര്‍ക്കും സൗജന്യമായാണ് കൊവിഡ് വാക്സിന് നല്‍കിയത്. അതിന്റെ ക്രെഡിറ്റും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുപോകാന്‍ നോക്കി. കൊവിഡ് സമയത്ത് 1.52 കോടി കേരളീയര്‍ക്ക് 140 കിലോ അരി വീതം നല്കി. കേരളത്തിലെ 13 ലക്ഷം പേരെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ചേര്‍ത്തു. 47 ലക്ഷം പേര്‍ക്ക് മുദ്രാവായ്പയും അനുബന്ധ ആനുകൂല്യവും നല്കി. കേരളത്തിലെ 34 ലക്ഷം കര്‍ഷകര്‍ക്ക് 20,000 രൂപ വീതം നല്കി. അങ്ങനെ കേരളത്തിലെ ജനങ്ങളോട് പറയാന്‍ ബിജെപിക്ക് ഒരുപാട് കണക്കുകളുണ്ട്.
ഇതൊന്നും പ്രതാപന് അറിയുന്നില്ല. അറിഞ്ഞാലും പറയാനുള്ള ശക്തിയും സാമര്‍ത്ഥ്യവുമില്ല. പുള്ളിക്ക് ഒരേയൊരു ചിന്തയേയുള്ളൂ. തൃശൂര്‍ സുരേഷ്ഗോപി കൊണ്ടുപോകുമോ എന്ന ഭീതി. സിപിഎം ജയിച്ചാലും തരക്കേടില്ല, ബിജെപി ജയിക്കരുതെന്ന ചിന്ത. അതിനായി എന്ത് വൃത്തികേടും കാട്ടിക്കൂട്ടും. അതിന്റെ ഒന്നാന്തരം തെളിവുതന്നെയായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. പ്രതിപക്ഷനേതാവിനെ പുലഭ്യം പറയുമ്പോഴും പാര്‍ലമെന്റിലെത്തി കേരളത്തിനായുള്ള നെഞ്ചത്തടി. ചുവപ്പുകണ്ട കാളയെപോലെ നാട്ടിലെവിടെയെങ്കിലും കരിങ്കൊടി കണ്ടാല്‍ മതി മുഖ്യന് കലികയറും. പിന്നെ കണ്ണുകാണില്ല, സ്ഥലകാലബോധമില്ല. കരിങ്കൊടികാട്ടിയ കോണ്‍ഗ്രസുകാരെ സഖാക്കള്‍ ഹെല്‍മറ്റുകൊണ്ടും ഇരുമ്പുവടികൊണ്ടും പ്രഹരിക്കുമ്പോള്‍ അത് കണ്ട് രസിക്കും. അതെങ്കിലും തുടരണമെന്നഭിപ്രായപ്പെടും. എന്നാലും പറയും പ്രതാപന് എന്റെ കേരളം, സുന്ദര കേരളം, ദൈവത്തിന്റെ സ്വന്തംനാടാണ്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നുപറയാറില്ലെ. അതുപോലെ തന്നെ. ഏതായാലും കേരളത്തിന് ധനമന്ത്രി നിര്‍മലാ സീതാരാമന് കടാശ്വാസം നല്കി. കിഫ്ബിയും സാമൂഹ്യസുരക്ഷാ കമ്പനിയും ചേര്‍ന്നെടുത്ത 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ കടപരിധിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്രം സമ്മതിച്ചു. എന്താ പോരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: