ന്യൂദല്‍ഹി: ഇന്ത്യ ഇപ്പോഴെ സുവര്‍ണ്ണയുഗത്തിലാണ്. കാരണം ലോകമെങ്ങും സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിയുമ്പോള്‍ പ്രതീക്ഷയുടെ പ്രകാശഗോപുരമായി വര്‍ത്തിക്കുക ഇന്ത്യയാണെന്ന് ലോകബാങ്കും ഐഎംഎഫും പ്രഖ്യാപിച്ചിരുന്നു. കാരണം ചൈന പോലും നാല് ശതമാനം എന്ന സാമ്പത്തിക വളര്‍ച്ചയില്‍ മുരടിപ്പിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴോ 7.5 ഓ ആകുമെന്ന് ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനും ജിഡിപി വളര്‍ച്ചയ്‌ക്കും കരുത്തേകുന്ന നടപടിയാണ് യുഎസിലെയു യുകെയിലെയും കേന്ദ്രബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വും യുകെയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ഡോളര്‍ പലിശനിരക്ക് കൂട്ടേണ്ടെന്ന് കഴിഞ്ഞ ദിവസം തീരുമാനമെടുത്തത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് മൂലം യുഎസിലെ ബോണ്ടുകള്‍ വരെ ശക്തിപ്പെടുന്നതിനാല്‍ ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ വിദേശധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. ഇത് ഇന്ത്യയുടെ ഓഹരി വിപണിയുടെ കുതിപ്പിന് വിലങ്ങുതടിയാവുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ യുഎസ്, യുകെ കേന്ദ്രബാങ്കുകളുടെ തീരുമാനം ഇന്ത്യയ്‌ക്ക് ഡോളറിനെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കിയിരിക്കുന്നു. ഡോളര്‍ പലിശനിരക്ക് 5.5 നും 5.25നും ഇടയില്‍ തുടരുമെന്നാണ് യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് തീരുമാനിച്ചത്. അമേരിക്കയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2022 മുതല്‍ ഏകദേശം 11 തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയത്. ഇതോടെ അമേരിക്കയിലെ ഡോളര്‍ പലിശനിരക്ക് 22 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്തുകയും തൊഴിലില്ലായ്മ ഒരു വിധം പരിഹരിക്കുകയും ചെയ്തതോടെയാണ് കഴിഞ്‍ ദിവസം ചേര്‍ന്ന ഫെഡ് റിസര്‍വ്വിന്റെ പണനയസമിതി പലിശനിരക്ക് ഇനി വര്‍ധിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്. ഈ നിലയ്‌ക്ക് നീങ്ങിയാല്‍ 2024ല്‍ മൂന്ന് തവണയും 2025ല്‍ നാല് തവണയും 2026ല്‍ മൂന്ന് തവണയും പലിശനിരക്ക് കുറയ്‌ക്കാന്‍ കഴിയുമെന്ന് വരെ ഫെഡ് റിസര്‍വ്വ് ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
യുകെയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശനിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിച്ചു. പലിശ നിരക്ക് 5.25 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. പണപ്പെരുപ്പത്തോത് കുറഞ്ഞതിനാല്‍ കൂടിയാണ് പലിശ നിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിച്ചതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു.
എണ്ണവില ഇപ്പോള്‍ കുറഞ്ഞ നിരക്കിലാണ്. 75 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍റ് ക്രൂഡ്. ഇതും ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമാണ്. ഡോളര്‍ പലിശനിരക്ക് കുറഞ്ഞുനില്‍ക്കുകയും എണ്ണവില കുറഞ്ഞതോതില്‍ തുടരുകയും ചെയ്താല്‍ ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: