കൊച്ചി: എല്ലാ ജില്ലകളിലുമുള്ള മെഡിക്കല്‍ കോളേജുകളില്‍ ക്ഷയരോഗികള്ക്കായി നിശ്ചിത ശതമാനം ബെഡുകള്‍ മാറ്റിവെക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ സംസ്ഥാനതല ടാസ്ക് ഫോഴ്സ് യോഗത്തില്‍ തീരുമാനമായി.
കൊച്ചി അമൃത ആശുപത്രിയില്‍ നടന്ന യോഗം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. ടിബി ഇല്ലായ്മ ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ബോധവത്കരണം വളരെ പ്രധാനമാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. രോഗികള്‍ക്ക് രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ആവശ്യമെന്നും ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗികള്‍ക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കാന്‍ സാധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു.
സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സംസ്ഥാന ടിബി ഓഫീസര്‍ ഡോ. കെ. രാജാറാം, ദേശീയ ക്ഷയരോഗ നിവാരണ പരിപാടി സോണല്‍ ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍ ഡോ. സഞ്ജീവ് നായര്‍, സംസ്ഥാന ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍ ഡോ. ഡേവിസ് പോള്‍, ഉപാധ്യക്ഷന്‍ ഡോ. കെ. അഖിലേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, അമൃത ആശുപത്രി മെഡി. സൂപ്രണ്ട് ഡോ. കെ.വി. ബീന, ജില്ലാ ടിബി ഓഫീസര്‍ ഡോ. ആനന്ദ്മോഹന്‍, അമൃത ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ. അസ്മിത മെഹ്ത്ത എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
കൊവിഡിനു ശേഷം പല മെഡിക്കല്‍ കോളേജുകളിലും, ജില്ലാ ആശുപത്രികളിലും ടിബി ചികിത്സാ വാര്‍ഡുകള്‍ ഒഴിവാക്കപ്പെട്ടതായും രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നതിനായി ഒരോ ജില്ലയിലും ചുരുങ്ങിയത് 3 ടിബി സെന്ററുകള്‍ അനിവാര്യമാണെന്നും യോഗം വിലയിരുത്തി. നിലവിലുള്ള 9 മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും ടിബി നിര്‍ണയ, ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: