ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജില്ലാ ജഡ്ജിക്കെതിരേ വനിതാ ജഡ്ജിയുടെ ലൈംഗികാരോപണം. മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് വനിതാ ജഡ്ജി കത്തയച്ചു. സംഭവം സംബന്ധിച്ച്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയില്‍ നിന്നും അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം. കുരേക്കറിന് നിര്‍ദേശം നല്കി. കുരേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ഉടന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്കി. ബാന്ദാ ജില്ലയിലെ സിവില്‍ കോടതിയില്‍ നിയോഗിതയായ വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍.
‘ചുരുങ്ങിയ സേവന കാലയളവില്‍ തുറന്ന കോടതിയിലെ ഡയസില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ഒരു അനാവശ്യ കൃമിയെപ്പോലെയാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. മറ്റുള്ളവര്‍ക്ക് നീതി നല്‍കാമെന്ന് കരുതിയ ഞാന്‍ എന്തൊരു മഠയിയാണ്.’ വനിതാ ജഡ്ജ് കത്തില്‍ എഴുതിയത് ഇങ്ങിനെയായിരുന്നു.
ഒരു ജില്ലാ ജഡ്ജിയും അയാളുടെ അസോസിയേറ്റുകളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും കത്തില്‍ പറയുന്നുണ്ട്. പരാതി നല്‍കിയിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസോ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയോ ഒരു നടപടിയും എടുത്തില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: