ന്യൂദല്‍ഹി: ലോക്സഭയില്‍ കടന്ന് കളര്‍സ്പ്രേ പ്രയോഗിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ലളിത് മോഹന്‍ ഝാക്ക് തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധമെന്ന് ബിജെപി.
ലളിത് മോഹന്‍ ഝാ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ബിജെപി പുറത്തുവിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ തപസ് റോയിക്കും ടിഎംസി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സൗമ്യ ബക്ഷിക്കും ഒപ്പം ഝാ നില്ക്കുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടത്. പശ്ചിമബംഗാള്‍ അധ്യക്ഷന്‍ ഡോ. സുഖന്തോ മജുംദാര്‍ ആണ് ചിത്രം പങ്കുവെച്ചത്. പശ്ചിമബംഗാളില്‍ അധ്യാപകനായ ലളിത് മോഹന്‍ ഝായ്ക്ക് തപസ് റോയിയുമായി ദീര്‍ഘനാളത്തെ അടുപ്പമുണ്ട്. സംഭവവുമായി നേതാവിന് ബന്ധമുണ്ടോ എന്നന്വേഷിക്കാന്‍ ഈ തെളിവു മതിയെന്നും ഡോ. സുഖന്തോ മജുംദാര്‍ എക്സില്‍ കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തപസ് റോയുമായുള്ള ലളിത് ഝായുടെ ബന്ധത്തെക്കുറിച്ച് മമത ബാനര്‍ജിക്ക് മൗനം വെടിയേണ്ടിവരുമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധം പുറത്തുവരുന്നതിനാലാണ് ടിഎംസി എംപിമാര്‍ കോലാഹലം സൃഷ്ടിക്കുന്നത്. ടിഎംസിയുടെ താഴ്ന്ന നിലവാരത്തെക്കാള്‍ താഴെയാണിതെന്നും അദ്ദേഹം ആരോപിച്ചു. പ്രതികള്‍ക്കായി നിയമസഹായം വാഗ്ദാനം ചെയ്ത അഭിഭാഷകന് അസിം സരോദെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സജീവ പങ്കാളിയായിരുന്നുവെന്നും പ്രതികളും കോണ്‍ഗ്രസുമായുള്ള ബന്ധവും അന്വേഷിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് പുറത്ത് കളര്‍സ്പ്രേ പ്രയോഗിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത നീലം കര്‍ഷക സമരം ഉള്‍പ്പെടെ, കോണ്‍ഗ്രസ് – ഇന്‍ഡി സഖ്യം സംഘടിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: