Categories: Kerala

ഹാദിയ പുനര്‍വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, തടങ്കലിലല്ലെന്നും പൊലീസ്; പിതാവിന്റെ ഹര്‍ജിയില്‍ നടപടികള്‍ അവസാനിപ്പിച്ചു

Published by

കൊച്ചി: മകള്‍ അഖിലയെന്ന ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേലുളള നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയയെ നിര്‍ബന്ധിത തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ഹാദിയ മാതാവുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും സ്വമനസാലെ പുനര്‍വിവാഹം ചെയ്‌തെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.മലപ്പുറത്ത് ക്ലിനിക് നടത്തിവന്ന മകളെ ഏതാനും ആഴ്ചകളായി കാണാനില്ലെന്നും മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും കാട്ടിയാണ് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സത്യസരണി ഭാരവാഹി സൈനബ ഉള്‍പ്പെടെയുള്ളവര്‍ മകളെ തടങ്കലിലാക്കിയെന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഹാദിയ മലപ്പുറം സ്വദേശിയുമായുളള ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തി മറ്റൊരാളെ വിവാഹം കഴിച്ച് തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

തന്റെ സ്വകാര്യത തകര്‍ക്കാനാണ് ഹര്‍ജിയെന്ന് ഹാദിയയുടെ മൊഴിയില്‍ ആരോപിച്ചിട്ടുണ്ട്. ഹര്‍ജിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇത് പരിശോധിച്ചാണ് ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോളാണ് അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായത്. മലപ്പുറം സ്വദേശിയെ വിവാഹം ചെയ്തതോടെയാണ് വിഷയം നേരത്തെ നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതി ഹാദിയയുടെ ആദ്യ വിവാഹം ശരിവയ്‌ക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക