പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ലോക്സഭയിലെ സന്ദര്‍ശക ഗ്യാലറിയിലിരുന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ സഭയിലേക്ക് ചാടിയിറങ്ങി ബഹളം വച്ചതും, ഷൂവിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ഗ്യാസ് കനിസ്റ്റര്‍ പൊട്ടിച്ച് മഞ്ഞനിറത്തിലുള്ള പുക പടര്‍ത്തിയതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതേസമയം ഇവരുടെ കൂട്ടാളികളായ രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പുക പടര്‍ത്തുകയുണ്ടായി. പാര്‍ലമെന്റില്‍ കടന്ന് ബഹളമുണ്ടാക്കിയവരെ എംപിമാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പുറത്തുള്ളവരെയും പിടികൂടി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആറുപേര്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ സംഘടിച്ച് മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം നടത്തിയാണ് ഇങ്ങനെയൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ഇതുസംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരില്‍ നാലുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം എന്നു കരുതപ്പെടുന്ന ലളിത് ഝാ എന്നയാള്‍ ഒളിവിലാണ്. നേരത്തെ പരസ്പരം ബന്ധമുണ്ടായിരുന്ന ഇവര്‍ ഹരിയാനയിലെത്തുകയും, കൂട്ടാളികളിലൊരാളുടെ വീട്ടില്‍ തങ്ങിയശേഷം ദല്ഹിയിലെത്തുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രതിഷേധ ‘പ്രകടനം’ നടന്നയുടന്‍ മറ്റുള്ളവരുടെയെല്ലാം മൊബൈല്‍ ഫോണുകളുമായി ലളിത് ഝാ രക്ഷപ്പെടുകയായിരുന്നുവത്രേ. ഇയാള്‍ പിടിയിലാവുന്നതോടെ ഈ സംഘത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.
തീര്‍ത്തും അപ്രതീക്ഷിതമായ സംഭവത്തെ അപലപിക്കുന്നതിനു പകരം അത് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള തിരക്കിട്ട ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. 2001 ല്‍ പാര്‍ലമെന്റിനു നേരെ പാകിസ്ഥാന് ഭീകരര്‍ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി സംഭവത്തെ അവതരിപ്പിക്കാനും, മാധ്യമങ്ങളില്‍ ഇതനുസരിച്ചുള്ള പ്രചാരണം നടത്താനും ആസൂത്രിത ശ്രമം നടന്നു. സുരക്ഷാവീഴ്ചമൂലം മറ്റൊരു പാര്‍ലമെന്റാക്രമണം നടന്നിരിക്കുന്നു എന്നുവരുത്തിത്തീര്ക്കുകയായിരുന്നു ലക്ഷ്യം. രണ്ടുപതിറ്റാണ്ടു മുന്‍പു നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു ചില മാധ്യമങ്ങള്‍ പ്രതിഷേധത്തിന്റെ വാര്‍ത്തകള്‍ നല്‍കിയത്.
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് ഇങ്ങനെയൊരു പ്രചാരണം നടത്താന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയാണോ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനം തന്നെ പ്രതിഷേധത്തിന് തെരഞ്ഞെടുത്തതെന്ന് സംശയിക്കണം. സംഭവം നടന്നയുടന്‍ പ്രതിഷേധക്കാര്‍ക്ക് രാഷ്ട്രീയബന്ധമൊന്നുമില്ലെന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ ഇത് ശരിയല്ലെന്ന് വളരെവേഗം തെളിഞ്ഞു. പ്രതിഷേധക്കാരിലൊരാളായ നീലം ആസാദിന്റെ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വിവിരം പുറത്തുവന്നു. നീലം ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യം ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയാണ് മാധ്യമങ്ങളുമായി പങ്കുവച്ചത്. കോണ്‍ഗ്രസ്സിന്റെയും മറ്റും ഒത്താശയോടെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടന്ന സമരത്തിലും ഈ യുവതി പങ്കെടുത്തിരുന്നതായി അവരുടെ മാതാപിതാക്കള്‍ പോലീസിനോട് പറയുകയുണ്ടായി.
ജനശ്രദ്ധയാകര്‍ഷിക്കാന്‍ അപക്വമതികളായ ചിലര്‍ നടത്തിയ പ്രതിഷേധമാണ് ഇതെന്ന് കരുതാനാവില്ല. രാജ്യത്ത് ഏകാധിപത്യമാണ്, തൊഴിലില്ലായ്മയാണ് എന്നൊക്കെ ഇവര്‍ വിളിച്ച മുദ്രാവാക്യം പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് കടംകൊണ്ടതാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഈ പേരു പറഞ്ഞ് പ്രതിപക്ഷപാര്‍ട്ടികള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി അടിസ്ഥാനരഹിതവും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവുമായ ആരോപണങ്ങളുന്നയിച്ച് പ്രതിഷേധിക്കുകയാണല്ലോ. ഇതിന്റെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടിയിട്ടുള്ള അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കാതിരിക്കാന്‍ അക്രമപ്രവര്‍ത്തനം തന്നെയാണ് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏകാധിപത്യമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പുകളിലെ ജനവിധി ബിജെപിക്കും നരേന്ദ്ര മോദിക്കും തുടര്‍ച്ചയായി അനുകൂലമാവുന്നതുകൊണ്ടാണ്.
ജനങ്ങളുടെ ജനാധിപത്യ ബോധത്തെയാണ് ഇവര്‍ ഏകാധിപത്യമായി മുദ്രകുത്തുന്നത്. ജനങ്ങള്‍ തിരസ്കരിക്കുന്ന കോണ്‍ഗ്രസ്സിന്റെ അധികാരമോഹമാണ് ഇതിനു പിന്നിലുള്ളത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെ തറപറ്റിച്ച് ബിജെപിയും നരേന്ദ്ര മോദിയും വിജയക്കൊടി പാറിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആരുടെയോ പിണിയാളുകളായ യുവാക്കള്‍ പ്രതിഷേധത്തിനിറങ്ങിയതെന്ന കാര്യം ശ്രദ്ധേയമാണ്. ഇവര്‍ക്ക് ഭീകരവാദ ബന്ധമുണ്ടാവാം. വിദേശ ഫണ്ടും ലഭിച്ചിരിക്കാം. ഇതൊക്കെ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നുറപ്പാണ്. ഇക്കാര്യത്തില്‍ തീര്‍ച്ചയായും ഒരു സുരക്ഷാ വീഴ്ചയുണ്ട്. അത് വിശദമായി അന്വേഷിക്കണം. ഇതുമായി എന്തെങ്കിലും ബന്ധമുള്ള ഒരാളെയും വെറുതെ വിടാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: