ന്യൂദൽഹി: ലോക്സഭയിൽ യുവാവ് കടന്നുകയറിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച് സഭാ നടപടികൾ തടസപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള ആറ് എംപിമാരടക്കം15 പേരെ സ്പീക്കർ സസ്പെൻഡ് ചെയ്തു.
ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, വി. കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, ജ്യോതിമണി എന്നിവരടക്കമുള്ളവർക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ്. നേരത്തെ രാജ്യസഭയിൽ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്പെൻഡ് ചെയ്തിരുന്നു.
ഈ സമ്മേളനകാലത്തേയ്‌ക്കാണ് സസ്പെൻഷൻ. ലോക് സഭയിൽ മുദ്രാവാക്യം വിളിച്ചും പോസ്റ്റർ ഉയർത്തിയും പ്രതിഷേധിച്ചതിനാണ് എം. പിമാർക്കെതിരെ നടപടി സ്വീകരിച്ചത്. പാർലമെൻ്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് എം. പിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. പഴയ പാർലമെൻ്റ് മന്ദിരത്തിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
1974, 1999, 2001 എന്നീ വർഷങ്ങളിലും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. സ്പീക്കർ സംസാരിച്ചുകഴിഞ്ഞതിനാൽ ഇനിയും ഈ വിഷയത്തിൽ ആരും മറുപടി നൽകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: