കട്ടപ്പന: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി കേട്ട് അലമുറയിട്ട് കരഞ്ഞ് കുഞ്ഞിന്റെ മാതാവ്. കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് അതിവൈകാരികമായാണ് മാതാവ് പ്രതികരിച്ചത്. പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും എവിടെ നീതിയെന്നും അവർ ചോദിച്ചു.
‘നിങ്ങൾക്കെല്ലാവർക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കിൽ നിങ്ങൾക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭർത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവൻ എല്ലാവരെയും വിലയ്‌ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിക്ക് പുറത്ത് കരഞ്ഞുപറഞ്ഞു. പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ കോടതി വിധിക്കുകയായിരുന്നു.
കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതേ വിട്ട് ഉത്തരവിട്ടത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
















