2019 ലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ കഥ ലോകം അറിയുന്നത്. അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന്റെ കാരണം തേടിയ അന്വേഷണം എത്തിച്ചേർന്നത് ജോളിയിലേക്കാണ്. 2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജോളി അറസ്റ്റിലായത്.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട. അധ്യാപികയായ അന്നമ്മ തോമസാണ് (2002 ഓഗസ്റ്റ് 22) ആദ്യം മരിച്ചത്. ആറ് വര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷം ഇവരുടെ മകന് റോയ് തോമസും മരിച്ചു.
2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരൻ എം എം മാത്യുവും ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന് ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈന ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. 2016 ജനുവരി 11-ന് ഷാജുവിന്റെ ഭാര്യ ഫിലിയാണ് അവസാനമായി മരിക്കുന്നത്. ഇവരെല്ലാവരും സമാനസാഹചര്യത്തിലാണ് മരിച്ചത്. തുടർന്ന് റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.
ടോം തോമസിന്റെ സംശയമാണ് മകന് റോജോ തോമസ് 2019 ജൂലൈയില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കാൻ കാരണമായത്. എന്നാൽ സ്വത്ത് തര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. കെ ജി സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തതോടെ പരാതി വീണ്ടും എത്തുകയും സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയുമായിരുന്നു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നറിഞ്ഞതോടെയാണ് അന്വേഷണം പുരോഗമിക്കുന്നതും ജോളിയിലേക്ക് കേസെത്തുന്നതും.
കൂടത്തായി കൊലപാതക കേസിനെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയൊരുക്കി നെറ്റ്ഫ്ലിക്സ്. ‘കറി ആന്റ് സയനൈഡ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്ലര് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടതിന് പിന്നാലെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഡിസംബര്‍ 22 മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: