ചെങ്ങന്നൂര്‍: പ്രതിദിന വരുമാനം സര്‍വകാല റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതവും മാനസികപ്രയാസവും. സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.
സര്‍ക്കാരിന്റെ നവകേരളസദസിന്റെ ആഡംബര ബസ് ഓടിക്കാന്‍ വരെ കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് വിനിയോഗിക്കുന്നത്. ഇവര്‍ക്കടക്കം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു നടപടികളും മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ധാരണയനുസരിച്ച് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കേണ്ടതാണ്.
നവംബറിലെ കളക്ഷന്‍ തുക 308 കോടി രൂപയാണ്. കഴിഞ്ഞ തിങ്കളാഴ്ച കളക്ഷനായി നേടിയത് 9.03 കോടി രൂപയാണ്. സപ്തംബര്‍ നാലിലെ കളക്ഷന്‍ തുകയായ 8.79 കോടിയായിരുന്നു നേരത്തെയുള്ള റിക്കാര്‍ഡ്. ഡിസംബര്‍ ഒന്നുമുതല്‍ 11 വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം നേടിയ കളക്ഷന്‍ മാത്രം 84.94 കോടി രൂപയാണ്. മേഖലാടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി കളക്ഷന്‍പട്ടിക തയാറാക്കിയതില്‍ ദക്ഷിണമേഖലയാണ് ഒന്നാം സ്ഥാനത്ത്. 3.6 കോടിയുടെ ടാര്‍ജറ്റാണ് നല്‍കിയിരുന്നതെങ്കിലും നാല് കോടിയിലേറെ കളക്ഷനാണ് സര്‍വീസുകള്‍ നടത്തിയത്. ശതമാനത്തില്‍ 111.36 വരും ഇത്. മധ്യമേഖലയില്‍ ഇത് 93.49 ശതമാനവും ഉത്തരമേഖലയില്‍ 81.24 ശതമാനവുമാണ് കളക്ഷന്‍.
കെഎസ്ആര്‍ടിസി നിലവില്‍ 4000 സര്‍വീസുകളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ ആയിരവും ഫാസ്റ്റ്, സൂപ്പര്‍, എക്‌സ്പ്രസ് വിഭാഗമാണ്. ബാക്കിയുള്ളവയാകട്ടെ ഓര്‍ഡിനറി സര്‍വീസുകളും. കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളില്‍ 60 ശതമാനവും തെക്കന്‍ മേഖലയിലാണ്. 308 കോടി രൂപ നവംബര്‍ മാസത്തില്‍ വരുമാനമുണ്ടായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ് ഉയരുന്നത്.
ശമ്പളത്തിന് വേണ്ടത് 80 കോടി രൂപ മാത്രമാണെന്നിരിക്കെ ചെലവുകളിലെ ആധിക്യം പറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പളം താമസിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഭരിച്ചിട്ടും ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് വിമര്‍ശനമുണ്ട്. നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഈ തുകയും വിനിയോഗിക്കുന്നതായാണ് മറ്റൊരു ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: