ബത്തേരി(വയനാട്): പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരിലിറങ്ങിയ നരഭോജിക്കടുവയ്ക്കായി തെരച്ചില്‍ തുടരുന്നു. കടുവയെ കണ്ടെത്താനായി വനംവകുപ്പ് 80 പേരടങ്ങിയ സ്പെഷല്‍ ടീമിനെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്സ്, പട്രോളിങ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം. ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പെടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി വനം, വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
അതിനിടെ, ഇന്നലെ പ്രദേശത്തെ കോഴി ഫാമില്‍ കടുവ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. കൂടല്ലൂരിലെ ഫാമിന്റെ രണ്ട് ഭാഗങ്ങള്‍ പൊളിഞ്ഞ നിലയിലാണ് രാവിലെ കണ്ടത്. സമീപത്ത് കടുവയുടെ കാല്പാടുകള് ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വനപാലകര്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കടുവ പ്രജീഷിനെ കൊലപ്പെടുത്തി ഭക്ഷിച്ച സ്ഥലത്തിന്റെ 200 മീറ്റര്‍ അകലെയാണ് കോഴി ഫാം. കൂടല്ലൂരില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ഗാന്ധിനഗര്‍ 90 ഏക്കര്‍ വനത്തിനു സമീപം കൃഷിയിടത്തില്‍ കാടുവെട്ടുകയായിരുന്ന കര്ഷകന് ജോഷി ചൊവ്വാഴ്ച്ച പകല്‍ കടുവയെ കണ്ടിരുന്നു. കാടുവെട്ടുന്നതിന് 10 മീറ്റര്‍ അകലെ കടുവയെ കണ്ട ജോഷി ഭയന്നോടി. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനസേന 90 ഏക്കറില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.
90 ഏക്കറില്‍ മുമ്പും കടുവ ഇറങ്ങിയിട്ടുണ്ട്. കടുവ സാന്നിധ്യത്തിന്റെയും തെരച്ചിലിന്റെയും പശ്ചാത്തലത്തില്‍ പൂതാടി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുസമദ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ജിനേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
ആള്‍പ്പിടിയന്‍ കടുവയെ കൂടുവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കാനായില്ലെങ്കില്‍ കൊല്ലാമെന്ന് കോടതി ഉത്തരവായിരുന്നു. ഉത്തര മേഖല സിസിഎഫ് കെ.എസ്. ദീപയ്ക്കാണ് കടുവയെ പിടികൂടുന്നതിനും വേണ്ടിവന്നാല്‍ കൊല്ലുന്നതിനുമുള്ള ദൗത്യത്തിന്റെ മേല്‍നോട്ടച്ചുമതല. കടുവയെ പിടിക്കുന്നതിന് കൂടല്ലൂരില്‍ കൂട് സ്ഥാപിച്ചിരുന്നു. പ്രദേശത്ത് 24 ക്യാമറ ട്രാപ്പുകളുണ്ട്. ഇതിനിടെ നരഭോജി കടുവയെ വെടിവയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
അതിനിടെ കേരള, കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ടയിലും കടുവ മനുഷ്യനെ കൊന്ന് ഭക്ഷിച്ചു. ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട താലൂക്കിലെ ഹാദി താഴ്വരയ്ക്ക് സമീപം ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആദിവാസി മധ്യവയസ്കനെ കടുവ കൊലപ്പെടുത്തി ഭക്ഷിച്ചത്. ബന്ദിപ്പൂരിലെ കണ്ടിക്കരെ വന്യജീവി മേഖലയില്‍ താമസിക്കുന്ന ബസവനെയാണ് (54) കടുവ കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: