തിരുവനന്തപുരം : സുഗതകുമാരിയുടെ 90 -ാം ജന്മവാര്ഷികാഘോഷം ജനുവരി 22 മുതല്‍ ഒരു വര്‍ഷം ‘സുഗത നവതി ‘ എന്ന പേരില്‍ വിപുലങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. നവതിയോടനുബന്ധിച്ചു സുഗതകുമാരിയുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്നും കേരള യൂണിവേഴ്സിറ്റിയില്‍ സുഗതകുമാരി ചെയര്‍ ആരംഭിക്കണമെന്നും സുഗതകുമാരി പഠിച്ച കോട്ടണ്‍ഹില്‍ സ്കൂളിനെ സുഗതകുമാരി സ്മാരക വിദ്യാലയമായി നാമകരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. തൈക്കാട് പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ഹാളില്‍ കൂടിയ യോഗത്തില്‍ ഡോ എം വി പിള്ള ആധ്യക്ഷ്യം വഹിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. വി .പി ഷുഹൈബ് മൗലവി(രക്ഷാധികാരിമാര്‍),കുമ്മനം രാജശേഖരന് (ചെയര്മാന്), ഡോ ജോര്‍ജ് ഓണക്കൂര്‍ (സാഹിത്യ വിഭാഗം), സൂര്യ കൃഷ്ണമൂര്‍ത്തി (കലാവിഷ്കാരം), ഡോ എം വി പിള്ള (അന്തര്‍ദേശീയം ), ഡോ ശങ്കര്‍ ഹാബിറ്റാറ്റ് (സാമൂഹികം), രഞ്ജിത്ത് കാര്ത്തികേയന് (ഫിനാന്‍സ്), ടി കെ എ നായര്‍, ശ്രീകുമാരന്‍ തമ്പി, വി മധുസൂദനന് നായര്‍, പന്ന്യന്‍ രവീന്ദ്രന്, വി പി ജോയ്, എം.എസ്.ഫൈസല്‍ ഖാന്, ഡോ സുബാഷ് ചന്ദ്രബോസ്, എന്‍. ബാലഗോപാല്‍, എഴുമറ്റൂര്‍ രാജ രാജ വര്‍മ്മ, ഡോ എം ജി ശശിഭൂഷണ്‍, ആറന്മുള ഹരിഹരപുത്രന്‍, ഇഞ്ചക്കാട് ബാലചന്ദ്രന്, രാജീവ് ആലുങ്കല്‍, ഡോ. പ്രമീളാ ദേവി, ഇന്ദിര രാജന്, ഡോ എ എം ഉണ്ണികൃഷ്ണന്, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണന്, ജീ കെ സുരേഷ് ബാബു , റ്റി സതീഷ് കുമാര്‍, ചെങ്കല്‍ രാജശേഖരന്, ഡോ എം എന്‍ സി ബോസ് തുടങ്ങിയവര്‍ അടങ്ങിയ 50 അംഗ നവതിയാഘോഷ സമിതിയും രൂപീകരിച്ചു.
സുഗതകുമാരിയുടെ ചരമ വാര്‍ഷികദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതി സദസ്സുകളള് നടത്തും. ജന്മസ്ഥലമായ ആറന്മുളയില് ഒരേക്കര്‍ സ്ഥലത്തു സുഗതവനം സജ്ജമാക്കുന്നതിനും സ്കൂളുകളില്‍ ഇക്കോ ക്ലബുകള്‍ വഴി സുഗത വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി പദ്യപാരായണം, ചിത്ര രചന, പ്രസംഗം തുടങ്ങിയവയില്‍ മത്സരങ്ങള്‍ നടത്തുന്നതിനും മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുഗത പുരസ്കാരം ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
അമേരിക്കയില്‍ ഓസ്റ്റിനിലുള്ള ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ സുഗതകുമാരി സെന്റര്‍ തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: