കെഎസ്ആര്‍ടിസി ബസിലെ തിരക്കില്‍ തൊഴുകയ്യോടെ പോലീസുകാരനോട് അച്ഛനെ കണ്ടെത്തിത്തരാന്‍ ആവശ്യപ്പെടുന്ന ബാലനായ അയ്യപ്പന്റെ അപ്പാ എന്നുള്ള നിലവിളി ഓരോ ഭക്തന്റെയും നെഞ്ചിലാണ് തറച്ചത്. ശബരിമലയില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 18 മണിക്കൂര്‍ ക്യൂ. ദാഹജലം പോലും ലഭിക്കാതെ കുഞ്ഞുമാളികപ്പുറം കുഴഞ്ഞുവീണുമരിക്കുന്നു. ദര്‍ശനം കിട്ടാതെ വന്നതോടെ പന്തളത്ത് അയ്യപ്പ സംഘങ്ങള്‍ മാലയൂരി തേങ്ങയുടച്ച് തിരികെ പോകുന്നു. അഥവാ ഒരുദിവസം മുഴുവന്‍ ക്യൂ നിന്ന് തളര്‍ന്ന് സന്നിധാനത്ത് എത്തിയാല്‍ ഒരു നിമിഷംപോലും അയ്യപ്പനെ കണാന്‍ അനുവദിക്കുകയുമില്ല. അതിനുള്ളില്‍ തള്ളിമാറ്റപ്പെടും. ഈ അവസ്ഥ സംജാതമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുമാത്രമാണ്. മാസങ്ങള്‍ക്കുമുമ്പ് ആരംഭിക്കേണ്ട മണ്ഡലകാല-മകരവിളക്ക് മുന്നൊരുക്കങ്ങള്‍ പൂര്‍ണമായും പാളി. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നടത്തേണ്ട 60 ദിവസത്തെ തീര്‍ത്ഥാടനം നവകേരള യാത്രയ്‌ക്കു വേണ്ടി അട്ടിമറിക്കുകയായിരുന്നു.
ഒരോവര്‍ഷവും ഭക്തര്‍ 20 മുതല്‍ 30 ശതമാനം വരെ കൂടുന്നുവെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിരവധി തവണ അവകാശം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഭക്തര്‍ക്കുവേണ്ടി ഒരുക്കിയിട്ടില്ല. നിലയ്‌ക്കലില്‍ നിന്നും പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളിലെ യാത്ര, കരിമല കയറ്റത്തേക്കാള്‍ കഠിനമാണ്. മണിക്കൂറുകള്‍ കാത്തുനിന്നും ബസില്‍ ശ്വാസം കിട്ടാതെ പിടഞ്ഞും വേണം പമ്പയിലെത്താന്‍. അതും മൂന്നിരട്ടി പണം നല്‍കി. നിലയ്‌ക്കലില്‍ കുടിവെള്ളത്തിനും ഭക്ഷണത്തിനും പോലും സൗകര്യമൊരുക്കിയിട്ടില്ല. ഇത് കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് ഹൈക്കേടതി പത്തനംതിട്ട ജില്ലാ ഭരണാധികാരിയോട് പാര്‍ക്കിങ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
ശബരിമലയില്‍ ഏറ്റവും ദുരിതം വിതയ്‌ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് പോലീസും ദേവസ്വംബോര്‍ഡും ചേര്‍ന്നാണ്. പതിനെട്ടാം പടിയിലും സന്നിധാനത്തും നടപ്പന്തലിലുമെല്ലാം വിനിയോഗിക്കേണ്ടത് ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ്. അവരെയെല്ലാം ഇത്തവണ ഒഴിവാക്കി നവകേരളയാത്രയുടെ സുരക്ഷയ്‌ക്കാക്കി. ഇതോടെ ഭക്തരെ പടികയറ്റി ദര്‍ശനം കഴിഞ്ഞ് തിരിച്ചുവിടാനുള്ള പദ്ധതി അടിപടലം തെറ്റി. ഭക്ഷണവും വെള്ളവും പ്രാഥമികകൃത്യങ്ങള്‍ക്കുള്ള സൗകര്യവുമുള്ളിടത്ത് എത്രമണിക്കൂറുവേണമെങ്കിലും ഭക്തര്‍ കാത്തുനില്‍ക്കും. പക്ഷെ കുടിവെള്ളം പോലും കിട്ടാത്ത സ്വാമി അയ്യപ്പന്‍ റോഡിലും ശരംകുത്തി റോഡിലും ബാരിക്കേടുകള്‍ വച്ച് ഭക്തരെ ബന്ധികളാക്കി. മലകയറി വരുന്ന ഭക്തന് ഒന്നു ശ്വാസമെടുക്കാന്‍പോലും കഴിയാതെ ദിവസങ്ങള്‍ നില്‍ക്കേണ്ടിവരുന്നു.
ശബരിമലയില്‍ നേരത്തെ സന്നദ്ധ സംഘടനകള്‍ കുടിവെള്ളവും ഭക്ഷണവും സൗജന്യമായി നല്‍കിയിരുന്നു. ശബരിമലയിലെ പ്രക്ഷോഭത്തിന്റെ മറവില്‍ അതും നിര്‍ത്തലാക്കി. പകരം ദേവസ്വം ബോര്‍ഡ് കുടിവെള്ളവും ഭക്ഷണവും നല്‍കുമെന്നായിരുന്നു അന്ന് പറഞ്ഞത്. പക്ഷെ ഒരുതുള്ളി വെള്ളം പോലും ദേവസ്വംബോര്‍ഡ് എത്തിച്ചുനല്‍കിയില്ല. നടപ്പന്തലില്‍പോലും ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യം നല്‍കുന്നില്ല. കുഞ്ഞുമാളികപ്പുറങ്ങളും അമ്മമാരും വിശന്ന് നിലവിളിക്കുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍പോലും കാര്യമായ നടപടികളെടുത്തിട്ടില്ല.
ഒരാഴ്ചകൂടി കഴിഞ്ഞാല്‍ ക്രിസ്തുമസ് വെക്കേഷന്‍ ആരംഭിക്കും. തിരക്ക് ഇതിനേക്കാള്‍ വര്‍ധിക്കും. മകരവിളക്ക് ദര്‍ശനത്തിന് എത്തുന്നവര്‍ എത്രയെന്ന കണക്കുണ്ടാകില്ല. ശബരിമലയിലേക്ക് മാത്രമല്ല, പൊന്നമ്പലമേട്ടിലെ മകരവിളക്ക് കാണാന്‍ കഴിയുന്നിടങ്ങളിലെല്ലാം ഭക്തര്‍ തടിച്ചുകൂടും. ആ സമയം സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായാലുള്ള ദുരനുഭവം, ഒന്നല്ല രണ്ടുതവണ നാം കണ്ടതാണ്. 1999 ജനുവരി 14ലെ പമ്പാ ഹില്‍ടോപ് ദുരന്തവും 2011 ജനുവരി 14ലെ പുല്ലുമേട് ദുരന്തവും. 12 വര്‍ഷത്തെ ഇടവേളകളിലെ ദുരന്തം. ഇത് 2023 ലെ മകരവിളക്ക്. കൃത്യം 12 വര്‍ഷം.
പമ്പ ഹില്‍ ടോപ്പ് ദുരന്തത്തില്‍ 53 പേരാണ് അന്നു മരിച്ചത്. മകരജ്യോതി ദര്‍ശിക്കാനുള്ള തിരക്കിനിടെ ഒരു വടം പൊട്ടി. തേങ്ങാക്കൂമ്പാരത്തിന് മുകളില്‍ കയറി നിന്നവര്‍ വഴുതി വീണു. അതോടൊപ്പം ആ കുന്നിന്റെ വശങ്ങളും ഇടിഞ്ഞുവീണു. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും സംസ്ഥാനത്തിന് പുറത്തുള്ള തീര്‍ത്ഥാടകരായിരുന്നു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതായി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ടി.ചന്ദ്രശേഖരമേനോന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.
കൃത്യം 12 വര്‍ഷം കഴിയുമ്പോഴാണ് പുല്ലുമേട് ദുരന്തം ഉണ്ടായത്. പമ്പയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ. വണ്ടിപ്പെരിയാറിലെ പുല്ലുമേട്ടില്‍ 2011 ജനുവരി 14ന് രാത്രി 8 മണിയോടെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിവന്ന 102 അയ്യപ്പന്മാരാണ് അന്നു മരിച്ചത്. മകരജേ്യാതി കണ്ട് മടങ്ങിയ തീര്‍ത്ഥാടകര്‍ വള്ളക്കടവ് ഉപ്പുപാറയില്‍ തിക്കിലും തിരക്കിലും പെട്ടു. ഓട്ടോറിക്ഷമറിഞ്ഞതും ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചതുമാണ് അപകടകാരണം. തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും തറച്ചതാണ് ഏറെപ്പേരും മരിക്കാന്‍ കാരണമായത്. മൂന്നു ലക്ഷത്തിലധികം അയ്യപ്പഭക്തര്‍ തിങ്ങിക്കൂടിയ പുല്ലുമേട് മേഖലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേ അവസ്ഥയാണ് 12 വര്‍ഷം കഴിയുമ്പോഴും ഇന്ന് ശബരിമലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: