ഇന്ദ്രൻസുമായുള്ള സൗഹൃദത്തെ കുറിച്ച് ഒരിക്കൽ സംസാരിക്കവെ ഹൃദയത്തിൽ തട്ടുന്നൊരു കഥ മുമ്പൊരിക്കൽ നടൻ സുരേഷ് ഗോപി പങ്കുവെച്ചത് വൈറലായിരുന്നു.ഇന്ദ്രൻസ് തയിച്ച ഷർട്ടിൽ പൊതിഞ്ഞാണ് താൻ തന്റെ മകൾ ലക്ഷ്മിയെ അടക്കിയത് എന്നാണ് ഒരിക്കൽ സുരേഷ് ഗോപി വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇന്ദ്രൻസുമായുള്ള ബന്ധം നിർവചിക്കാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സുരേഷ് ഗോപി അഭിനയിച്ച ഉത്സവമേളം എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകള്‍ മരിച്ചത്. അന്ന് ഇന്ദ്രൻസ് തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷര്‍ട്ടിനോട് സുരേഷ് ഗോപിയ്‌ക്ക് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷര്‍ട്ട് തനിയ്‌ക്ക് തരണമെന്നും മകള്‍ക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകള്‍ക്ക് അപകടമുണ്ടായ സമയത്ത് സുരേഷ് ഗോപി ധരിച്ചിരുന്നത് ആ ഷര്‍ട്ടാണ്.
അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാന്‍ അവസാനമായി അവളുടെ പെട്ടി മൂടുന്നതിന് മുമ്പ് വിയര്‍പ്പില്‍ കുതിര്‍ന്ന ആ മഞ്ഞ ഷര്‍ട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നുവെന്നും ഇന്ദ്രൻസ് തയിച്ച് തന്ന ആ ഷർട്ടിന്റെ ചൂടിലാണ് അവൾ ഇന്നും ഉറങ്ങുന്നതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഈ വീഡിയോ തന്റെ പുതിയ സിനിമ പുള്ളിയുടെ പ്രമോഷനായി വെറൈറ്റി മീഡിയയുടെ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരക ഇന്ദ്രൻസിനെ കാണിച്ചു.
അത് കണ്ട് അദ്ദേഹം പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സുരേഷ് ഗോപിയെ എത്രത്തോളം മകളുടെ മരണം വേദനിച്ചുവെന്നതാണ് നമ്മുടെ വേദന എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
‘അദ്ദേഹത്തെ ആ സംഭവം എത്രത്തോളം വേദനിപ്പിച്ചുവെന്നതാണ് നമ്മുടെ വേദന. ഒന്നാമതെ അദ്ദേഹം കുട്ടികളെപ്പോലെയാണ്. ശരീരമൊക്കെ ഉണ്ടെന്നേയുള്ളു കുട്ടികളെപ്പോലെയാണ്. പെട്ടന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും എല്ലാം ചെയ്യും അദ്ദേഹത്തിന്’, എന്നാണ് ഇന്ദ്രൻസ് സുരേഷ് ഗോപിയുടെ വീഡിയോ കണ്ട് പ്രതികരിച്ചത്.
ഇന്ദ്രൻസിന് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാളും സുരേഷ് ഗോപിയായിരുന്നു. സുരേഷ് ഗോപിക്കും ഭാര്യ രാധികയ്‌ക്കും ആദ്യമുണ്ടായ കുഞ്ഞാണ് ലക്ഷ്മി. ഒന്നര വയസുള്ളപ്പോഴാണ് ലക്ഷ്മി അപകടത്തില്‍പ്പെട്ട് മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. ഈ അപകടത്തിലാണ് ലക്ഷ്മിയുടെ ജീവന്‍ നഷ്ടമായത്. 1992 ജൂണ്‍ ആറിനായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: