ന്യൂദല്‍ഹി: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് അനീതിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വ്രതംനോറ്റ് വരുന്ന അയ്യപ്പഭക്തരോട് പ്രതികാരം വീട്ടുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്തര്‍ കുഴഞ്ഞുവീഴുമ്പോള്‍ ദേവസ്വം മന്ത്രി നവകേരള സദസുമായി കറങ്ങി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 2016 മുതല്‍ അനുവദിച്ച തുക എന്തു ചെയ്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.
നരേന്ദ്രമോദി സര്‍ക്കാര്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ മുന്തിയ പരിഗണനയാണ് ശബരിമലയ്ക്ക് നല്‍കിയത്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ തീര്ത്ഥാടനകേന്ദ്രത്തിലെത്തുന്നവര് കുടിവെള്ളം, ശുചിമുറി, വിശ്രമസ്ഥലം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ വലയുന്നത് കേരളം ഭരിക്കുന്നവരുടെ ഗുരുതര വീഴ്ചയാണ്.
സ്വദേശ് ദര്ശന് സ്കീമില്‍ ഉള്‍പ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍ 2016ല്‍ നല്കിയ 100 കോടി എവിടെപ്പോയെന്ന് ദേവസ്വം, ടൂറിസം മന്ത്രിമാര്‍ വിശദീകരിക്കണം. ‘കേന്ദ്രം ഞെരുക്കുന്നു’ എന്ന് പാടി നടക്കുന്നവര്‍ അയ്യപ്പഭക്തരോടെങ്കിലും വസ്തുത പറയണം.
അതല്ല, ആചാരലംഘനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചതുപോലെ ശബരിമല തീര്‍ത്ഥാടകരെ വീണ്ടും ബോധപൂര്‍വം പരീക്ഷിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും എന്നോര്മ്മിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: