മൂടക്കൊല്ലി: മൂടക്കൊല്ലി കൂടല്ലൂരില്‍ നരഭോജി കടുവയ്ക്കായി തെരച്ചില്‍ ഇന്നലെയും തുടര്‍ന്നു. വനപാലകര്‍ മൂന്ന് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് സംഘര്‍ഷ സ്ഥിതി നിലവിലുണ്ട്. കടുവയെ വെടിവെച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്കെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
പ്രദേശത്ത് 14 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 22 ക്യാമറകള്‍ കൂടി സ്ഥാപിക്കുമെന്ന് സ്ഥലത്തെത്തിയ സിസിഎഫ് കെ.എസ്. ദീപ പറഞ്ഞു. ഇന്ന് ഡ്രോണ്‍ നിരീക്ഷണവും നടത്തും. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് കടുവയെ പിടികൂടും. കടുവയുടെ അവ്യക്തമായ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം കൈമാറി. ചെതലയം റേഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ്, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് എന്നിവര്‍ വീട്ടിലെത്തിയാണ് ബന്ധുക്കള്‍ക്ക് തുക കൈമാറിയത്.
കടുവയെ പിടികൂടാന്‍ വാകേരിയില്‍ ഇന്നലെ കൂട് എത്തിച്ചു. ചെതലയം റേഞ്ച് ഓഫീസില്‍ നിന്നാണ് കൂട് എത്തിച്ച് സ്ഥാപിച്ചത്. കൂടല്ലൂര്‍ കോളനിക്കവലക്ക് എതിര്‍വശമുള്ള 23 ഏക്കര്‍ വരുന്ന കാപ്പിത്തോട്ടത്തിലാണ് വൈകുന്നേരം 3 മണിയോടെ സ്ഥാപിച്ചത്. പ്രജീഷിനെ കടുവ പിടിച്ചതിന് 100 മീറ്റര്‍ മാറിയാണ് കൂട് സ്ഥാപിച്ചത്. കൂടല്ലൂര്‍ കൊട്ടി വരക്കാട്ടില്‍ നിന്നുമാണ് കടുവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങിയതെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കൂട് വെച്ചതോടെ കൂട്ടില്‍ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ആളുകളുടെ ആശങ്കകളകറ്റാന്‍ എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന് പറഞ്ഞു. മരണപ്പെട്ട പ്രജീഷിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും എത്രയും വേഗം നല്‍കണം. അദ്ദേഹം പ്രജീഷിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വാസിപ്പിക്കുകയും ചെയ്തു. ഉത്തരമേഖലാ പ്രസിഡന്റ് ജയചന്ദ്രന് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ.പി. മധു, ദീപു പുത്തന്‍പുരയില്‍, പ്രകാശന് നെല്ലികര, സ്മിതാ സജി, വി.കെ. രാജന്, വി.എസ്. ഷിബി, ആര്.ആര്. മനോജ് എന്നിവര്‍ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: