കൊച്ചി: അടുത്തിടെയായി അഭിഭാഷകരും ന്യായാധിപന്മാരുമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ നീതി നിര്‍വ്വഹണ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് വിലയിരുത്തി.
കോട്ടയത്തെ ബാര്‍ അസോസിയേഷന് പ്രസിഡന്റും സെക്രട്ടറിയുമടക്കം മുപ്പതിലധികം അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത് ഈ തര്‍ക്കങ്ങളുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നതായി സംസ്ഥാന സമിതി യോഗം വ്യക്തമാക്കി. അടുത്തിടെ തിരൂരും കോട്ടയത്തുമടക്കമുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ നീതിന്യായ മേഖലയുടെ അവിഭാജ്യഘടകങ്ങളായ ഇരുകൂട്ടര്‍ക്കും ഭൂഷണമല്ല. നീതിക്കു വേണ്ടിയുള്ള സാധാരണക്കാരന്റെ ശബ്ദമാണ് അഭിഭാഷകനിലൂടെ പുറത്തുവരുന്നത്.
തുടര്‍ച്ചയായും പരസ്യമായും അഭിഭാഷകവൃത്തിയെ അപമാനിക്കുന്ന സമീപനങ്ങളും കക്ഷികളോടും സാക്ഷികളോടും ധിക്കാരപരമായ പെരുമാറ്റവും ചില ന്യായാധിപരില്‍ നിന്നുണ്ടാവുന്നത് ചിലരുടെ മനസിലുള്ള കൊളോണിയല്‍ ചിന്താഗതിയുടെ ബഹിര്‍സ്ഫുരണമാണ്.
ബാറും ബെഞ്ചും തമ്മിലുള്ള ബന്ധം ആരോഗ്യപരവും സൗഹാര്ദപരവുമായിരിക്കണമെന്നും പരസ്പര ബഹുമാനം നല്‍കണമെന്നുമുള്ള അലിഖിത കീഴ്വഴക്കങ്ങള്‍ക്കും നീതിന്യായ സംവിധാനത്തോളം പഴക്കമുള്ളതാണ്. പ്രവര്‍ത്തിപരിചയമില്ലാത്ത അഭിഭാഷകരെ മുന്‍സിഫ് – മജിസ്ട്രേട്ടുമാരായി നിയമിക്കുന്നത് ഇത്തരം തര്‍ക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകര്‍ക്കും ന്യായാധിപന്മാര്ക്കും ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും അവസാനിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കാനാവും. ബാര്‍ അസോസിയേഷകളുടെ പ്രവര്‍ത്തനത്തിലും ബാര്‍ – ബെഞ്ച് ബന്ധത്തിലും അവരുടെ ഇടപെടലുകള്‍ അഭിഭാഷക പരിഷത്ത് പ്രതീക്ഷിക്കുന്നു. ബാര്‍ കൗണ്‍സില്‍ നിസ്സംഗഭാവം കൈവെടിഞ്ഞ് സമയോചിതമായി പ്രവര്‍ത്തിച്ച് സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന അഭിഭാഷകര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്. രാജേന്ദ്രന് സന്നിഹിതനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക്, ഉപാധ്യക്ഷരായ ബി. രവീന്ദ്രന്, എം.എസ്. കിരണ്‍, എന്‍. ശങ്കര്‍റാം, കെ. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ടി. അജിത്കുമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗം എം. എ. വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: