‘തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് വിട്ടുവീഴ്ച ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോൾ, നിങ്ങളതിൽ ഇടപെടണ്ടാ എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്’, അനന്ത പത്മനാഭന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തൂവാനത്തുമ്പികൾ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി സംവിധായകൻ പത്മരാജന്റെ മകൻ അനന്ത പത്മനാഭൻ. സംവിധായകൻ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് ആധാരം. പത്മരാജൻ ചിത്രം തൂവാനത്തുമ്പികളിൽ മോഹൻലാൽ സംസാരിക്കുന്ന തൃശ്ശൂർ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും വിഷയത്തിൽ രഞ്ജിത്തിനെ വിമർശിക്കേണ്ടതില്ലെന്നുമാണ് അനന്ത പത്മനാഭൻ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
2012ലെ പത്മരാജൻ പുരസ്ക്കാരം ‘ഇന്ത്യൻ റുപ്പീ’ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. ‘പുതിയ തലമുറ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ’ കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. എനിക്കറിയാം അദ്ദേഹം അച്ഛനെ എവിടെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല എന്നും അനന്ത പത്മനാഭൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: