ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് നിയുക്ത വിഷ്ണു ദേവ് സായി അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്ക് 18 ലക്ഷം വീടുകള്‍ അനുവദിക്കുക എന്നതാണ് ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ആദ്യ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വിഷ്ണു ദേവ് സായി ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. കുങ്കുരി മണ്ഡലത്തില്‍ നിന്ന് 25,541 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ യു.ഡി. മിഞ്ചിനെ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് സായി നിയമസഭയില്‍ എത്തിയത്. വിഷ്ണു ദേവ് സായിയെ വിജയിപ്പിച്ചാല്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
1964 ഫെബ്രുവരി 21ന് ജഷ്പൂര്‍ ജില്ലയിലെ ഗോത്രഗ്രാമമായ ബാഗിയയില്, രാഷ്ട്രീയപാരമ്പര്യമുള്ള കര്‍ഷകകുടുംബത്തിലായിരുന്നു ദേവ്സായിയുടെ ജനനം. കുങ്കുരിയിലെ തന്നെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബിരുദ പഠനത്തിനായി അംബികാപുരിയിലേക്ക് പോയെങ്കിലും 1988ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടു.
1989ല്‍ ബാഗിയ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടുത്തവര്‍ഷം എതിരില്ലാതെ സര്‍പഞ്ചായി(ഗ്രാമമുഖ്യന്). മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് വിഭജിക്കപ്പെടുന്നതിന് മുമ്പ് 1990 മുതല്‍ 98 വരെ മധ്യപ്രദേശ് നിയമസഭാംഗമായിരുന്നു സായി. ജഷ്പൂര്‍ ജില്ലയിലെ തപ്കര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1998ല്‍ തൊട്ടടുത്തുള്ള പത്തല്‍ഗാവ് സീറ്റില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തൊട്ടടുത്തവര്‍ഷം 1999ല്‍ റായ്ഗഡ് സീറ്റില്‍ നിന്ന് ലോക്സഭയിലെത്തി. 1999 മുതല്‍ 2014 വരെ റായ്ഗഡ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വിഷ്ണു ദേവ് വിജയിച്ചു. ആദ്യ നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയുമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണു ദേവ് മത്സരിച്ചിരുന്നില്ല.
വിഷ്ണു ദേവ് സായിയുടെ മുത്തച്ഛന് പരേതനായ ബുദ്ധനാഥ് സായി 1947 മുതല്‍ 1952 വരെ നോമിനേറ്റഡ് എംഎല്‍എ ആയിരുന്നു. ജനസംഘം പ്രവര്‍ത്തകനായിരുന്ന പിതൃസഹോദരന് പരേതനായ നര്‍ഹരി പ്രസാദ് സായി രണ്ടു തവണ എംഎല്‍എ(1962-67, 1972-77)യും ഒരു തവണ എംപി(1977-79)യുമായി. ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: