സന്താനസൗഭാഗ്യത്തിന് അനുഗ്രഹം തേടി ഒട്ടേറെ ദമ്പതികളെത്തുന്ന ദേവസ്ഥാനമാണ് നെയ്യാറ്റിന്‍കര, മഞ്ചവിളാകത്തിന് അടുത്തുള്ള തത്തിയൂര് മേച്ചേരി യക്ഷിയമ്മ ക്ഷേത്രം. ഇടം കൈയില്‍ കുഞ്ഞും വലംകൈയില്‍ ശൂലവുമായി അത്യപൂര്‍വമായൊരു ദേവീ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ച് പ്രസാദം കഴിച്ചു മടങ്ങിയാല്‍ വൈകാതെ സന്താനലബ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. മാംഗല്യഭാഗ്യത്തിനും സുഖകരമായ ദാമ്പത്യത്തിനുമെല്ലാം ഈ തിരുനടയിലെത്തി പ്രാര്ഥിക്കുന്നവര് നിരവധിയാണ്.
ഐതിഹ്യം
മഹാമാന്ത്രികനായിരുന്നു മേച്ചേരി തറവാട്ടിലെ കാരണവരായിരുന്നു ശങ്കരപിള്ള. അദ്ദേഹം എല്ലാമാസവും ഭാര്യയോടൊപ്പം കുമാരകോവിലിലും മേലാംകോട് യക്ഷിയമ്മ ക്ഷേത്രത്തിലും ദര്‍ശനം നടത്താറുണ്ടായിരുന്നു. ഒരിക്കല്‍ ദേവീദര്‍ശനം നടത്തുന്നതിനിടെ, ‘എന്റെ കൂടെ വന്നാല്‍ ഇതിനേക്കാള്‍ നന്നായി തെക്കത് പണികഴിപ്പിച്ച് കുടിയിരുത്താം’ എന്ന് അദ്ദേഹം പറയുകയുണ്ടായി. അതനുസരിച്ച് ദേവീചൈതന്യം അദ്ദേഹത്തോടൊപ്പം തറവാട്ടിലേക്ക് പോന്നു എന്നാണ് ഐതിഹ്യം. പിന്നീട് ചെറിയൊരു അമ്പലം പണിത് ദേവിയെ അവിടെ കുടിയിരുത്തുകയായിരുന്നു. ക്ഷേത്രത്തിലെ പ്രധാനവിഗ്രഹത്തിനു പിറകിലായി ഉഗ്രരൂപിണിയായ ദേവിയുടെ പഴയൊരു ചിത്രമുണ്ട്. പച്ചിലച്ചാറ് ഉപയോഗിച്ചു വരച്ച ചിത്രം അധികനേരം നോക്കിനില്‍ക്കാനാവില്ല. ക്ഷേത്രത്തില്‍ മഹാഗണപതി, നാഗര്‍, മന്ത്രമൂര്‍ത്തി തുടങ്ങിയ ഉപദേവതകളുമുണ്ട്.
ഈ കുടുംബത്തിലും നാട്ടിലും സന്താനങ്ങളില്ലാത്ത ഒരു വീടുപോലുമില്ലെന്നതാണ് സവിശേഷത. ചൊവ്വയും വെള്ളിയും വെളുത്തവാവിനും ആയില്യത്തിനും ഇവിടെ പ്രത്യേക പൂജകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: