വടക്കേ ഇന്ത്യയില്‍ രാമഭക്തിക്ക് സ്ഥാനം ലഭിക്കുന്നത് രാമനന്ദസ്വാമി അവിടെ എത്തിയതിനുശേഷമാണ്. അദ്ദേഹത്തിന്റെ പ്രശിഷ്യനായ തുളസീദാസന്റെ ‘മാനസ’ രചനയ്ക്ക് മുഖ്യ അവലംബമായിരുന്നത് രാമാനന്ദന്‍ ഏറ്റവും സരളമായ സംസ്കൃതത്തില്‍ രചിച്ച് കൂടെ കൊണ്ടുവന്നിരുന്ന അദ്ധ്യാത്മരാമായണം(മൂലം) ആയിരുന്നു. അതുവരെ അവിടെയുള്ളവര്‍ക്ക് അദ്ധ്യാത്മരാമായണത്തെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല.
രാമാനന്ദാചാര്യര്‍ സംസ്കൃതത്തിലും അക്കാലത്തെ വാരാണസിയിലെ ദേശഭാഷയായ അവധി (ഹിന്ദിയുടെ ഒരു ഉപഭാഷ) യിലും പണ്ഡിതനായിരുന്നു. രാഷ്ട്രനിര്മ്മാണരഹസ്യം അറിഞ്ഞിരുന്ന ആ ക്രാന്തദര്‍ശിയാണ് സ്വശിഷ്യര്‍ക്ക് ദേശഭാഷകളില്‍ രചന നടത്താന്‍ പ്രേരണ നല്‍കിയിരുന്നത്. എഴുത്തച്ഛന്റെ കാര്യത്തിലും തുളസീദാസന്റെ കാര്യത്തിലുമെല്ലാം ഇത് സത്യമായിരുന്നിരിക്കും. അല്ലാത്തപക്ഷം സംസ്കൃതത്തില്‍ അബാധഗതികളായ അവര്‍ ആ കാലത്ത് ദേശഭാഷകളില്‍ രചനകള്‍ നടത്താന്‍ മുതിരില്ലായിരുന്നു എന്ന് സ്വാഭാവികമായി ചിന്തിക്കാവുന്നതാണ്. (അദ്ദേഹവും അവധിയില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്) ചില കവിതകള്‍ ഭക്തമാല (ഭക്തമാല് ലേ.നാഭാദാസ്)യില്‍ ഉദ്ധരിച്ച് ചേര്‍ത്തിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. ഗുരുഗ്രന്ഥസാഹബ്ബില് രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളതായി ആചാര്യശുക്ലയും പറഞ്ഞിട്ടുണ്ട്.
രാമാനന്ദന്‍ ശങ്കരപരമ്പരയിലെ അദൈ്വതിയായിരുന്നതു കൊണ്ട് നിര്ഗുണഭക്തിയും സഗുണഭക്തിയും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. അതുനിമിത്തം അതുതന്നെ അദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യന്മാരും സ്വീകരിച്ചിരുന്നതായി കാണാവുന്നതാണ്.
ശങ്കര പരമ്പരയില്‍ മാത്രമേ ‘ദിഗ്വിജയങ്ങള്‍ എഴുതുന്ന പതിവുള്ളൂ.’ രാമാനന്ദ ദിഗ്വിജയം എഴുതപ്പെട്ടിട്ടുണ്ട്. ശരിയായ അര്‍ത്ഥത്തില്‍ തന്നെ ദിഗ്വിജയം നടത്തിയിരുന്ന മഹാപുരുഷ നായിരുന്നല്ലോ അദ്ദേഹം.
ദക്ഷിണദേശത്തു നിന്ന് ആ കാലങ്ങളില്‍ എത്തിയതായിരുന്നതുകൊണ്ട് രാമാനന്ദസ്വാമികള്‍ വിശിഷ്ടാദൈ്വതത്തിനോ അഥവാ ദൈ്വത്വത്തിനോ പ്രാധാന്യം നല്കേണ്ടിയിരുന്നു. അതാണ് സ്വഭാവികം. എന്നാല്‍ അദ്ദേഹം നേരെ മറിച്ച് അദൈ്വതദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. അത് അദ്ദേഹം കേരളീയനായിരുന്നതുകൊണ്ടും കൂടി ആയിരുന്നിരിക്കണം. അദൈ്വതത്തിനല്ലാതെ വിശിഷ്ടാദൈ്വതാദി ദര്‍ശനങ്ങള്‍ക്കൊന്നും കേരളത്തില്‍ അനുഗാമികള്‍ ഉണ്ടായിട്ടില്ല, അന്നും ഇന്നും.
രാമാനുജീയപരമ്പരയിലെ ശൈവരും വൈഷ്ണവരും തമ്മിലുണ്ടായിരുന്ന അസഹിഷ്ണുത രാമാനന്ദഭക്തിദര്ശനങ്ങളിലൊന്നും കാണപ്പെടുന്നില്ല എന്നുതന്നെയല്ല, അവര്‍ തമ്മിലുള്ള കലഹം തീര്‍ക്കണമെന്ന ഉദ്ദേശ്യമാണ് ഉമാമഹേശ്വരസംവാദരൂപമായി രാമകഥ വിവരിച്ചതില്‍ നിന്നും രാമനാല്‍ രാമേശ്വരത്ത് ശിവപ്രതിഷ്ഠ നടത്തപ്പെടുന്നതായി വര്ണ്ണിച്ചിട്ടുള്ളതില് നിന്നും അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് അനുമാനിക്കാവുന്നതാണ്. കേരളത്തിലെ ശൈവവൈഷ്ണവ മൈത്രി അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം.
രാഘവാനന്ദശിഷ്യനായി കേരളത്തില്‍ കുറച്ചുകാലം സംന്യാസിയായി കഴിച്ച് എഴുത്തച്ഛന്റെയും മറ്റും ഗുരുസ്ഥാനീയനായിരുന്ന രാമാനന്ദാചാര്യനും ഒത്തരാഹനായ രാമാനന്ദസ്വാമികളും ഒരേ വ്യക്തി തന്നെയായിരുന്നു എന്നതിന് രണ്ടുപേരും ആചാര്യന്മാരായിരുന്നെങ്കിലും അവര്‍ അക്കാലത്തെ ഗുരുക്കന്മാര്ക്ക് പറഞ്ഞു വന്നിരുന്ന ആചാര്യശബ്ദത്താലല്ല മറിച്ച് സംന്യാസാശ്രമത്തിലെ ആനന്ദനെന്ന ഉപാധിയിലാണ് പ്രസിദ്ധരായത്. എന്നുള്ളതും ശ്രദ്ധേയമാണ്. മുകളില്‍ പ്രസ്താവിച്ചിട്ടുള്ള സാക്ഷ്യങ്ങളുടേയും അനുമാനങ്ങളുടേയും അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്നതായ ചില നിഗമനങ്ങള്‍ ഇവയാണ്:
നിഗമനങ്ങള്‍
ക്രിസ്ത്വബ്ദം 15ാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ദ്ധത്തില്‍ കാശിയില്‍ സന്നിധാനം ചെയ്ത് ഭക്തിആന്ദോളനത്തിന് ആകെയും രാമഭക്തി പ്രസ്ഥാനത്തിന് വിശേഷിച്ചും നേതൃത്വം നല്‍കിയിരുന്ന ദിഗന്തവിശാന്തയശസ്വിയായ രാമാനന്ദ ഗുരുദേവന് ക്രിസ്തുവര്‍ഷം 14ാം ശതകത്തിന്റെ അന്തിമ ചതുര്ത്ഥാംശത്തിലോ 15ാം ശതക ത്തിന്റെ ആദ്യ ദശകങ്ങളിലോ നമ്മുടെ കേരളത്തില്‍ ശുകപുരം ഗ്രാമത്തിലാണ് ഭൂജാതനായത്. (തന്റെ ജന്മംകൊണ്ട് ശ്രീരാമാനന്ദന്‍ തീര്ത്ഥീകരിച്ച പുണ്യസ്ഥലം ശുകപുരം തന്നെയാണെന്ന് അനുമാനിക്കാന്‍ ചില ലക്ഷ്യങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്.) നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സംന്യാസ ജീവിതം തുടങ്ങി യിരുന്നു. ശ്രീ ശങ്കരന്റെ പരമ്പരയില്‍ സംന്യാസം സ്വീകരിച്ച് തൃശ്ശൂര്‍ തെക്കേമഠത്തിലെ അന്തേവാസിയായി പാര്‍ത്തുകൊണ്ടു അനേകം ഗഹനങ്ങളായ ഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ രചിച്ച വിദ്വാനും മനീഷിയുമായിരുന്ന രാഘവാനന്ദയതീശ്വരനായിരുന്നു രാമാനന്ദന്റെ ഗുരുനാഥന്. അക്കാലത്ത് രാമാനന്ദന്‍ രചിച്ച ത്രിപുരോപനിഷദ് ഭാഷ്യത്തിന്റെ തുടക്കത്തില്‍ ‘നത്വാ ശ്രീരാഘവാനന്ദ യോഗീന്ദ്രപാദുകം’ എന്നും അന്ത്യത്തില്‍ ‘ഇതി പരമഹംസ പരിവ്രാജക ശ്രീ രാഘവാനന്ദ തീര്ത്ഥയോഗീന്ദ്ര ചരണാരുവിന്ദ ചഞ്ചരീകായമാണാനന്ദ ഹൃദയ ശ്രീരാമാനന്ദ വിരചിതം’ എന്നും പറഞ്ഞുകൊണ്ട് സ്വഗുരുവിന്റേയും തന്റേയും പേരുകള്‍ സ്പഷ്ടമായിത്തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: