പാലക്കാട് ചുരത്തിലാണ്ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഗ്രാമമാണ് തത്തമംഗലം. പാലക്കാട് -പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ തത്തമംഗലത്തെത്താം. ദത്തന്‍ എന്ന ബ്രാഹ്മണശ്രേഷ്ഠന്‍ സ്ഥാപിച്ച അഗ്രഹാരങ്ങളുള്ള സ്ഥലം, കാലാന്തരത്തില്‍ തത്തമംഗലമായി എന്നതാണ് സ്ഥലനാമ ചരിതം. തത്തമംഗലത്തെ രഥോത്സവം ഏറെ പ്രസിദ്ധമാണ്. വീണ്ടുമൊരു രഥോത്സവത്തിന് ഒരുങ്ങുകയാണ് ഈ പാലക്കാടന്‍ ഗ്രാമം.
അഗ്രഹാരങ്ങളും, ഗ്രാമങ്ങളും പാലക്കാടിന്റെ ഐശ്വര്യമാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അഗ്രഹാരങ്ങളും, തമിഴ് ബ്രാഹ്മണ സമൂഹവും ഉള്ളത് പാലക്കാടാണ്. ക്ഷേത്രത്തിലെ പൂജാദി കര്‍മങ്ങള്‍ക്കും, വൈദിക വിഷയങ്ങള്‍ പകര്‍ന്ന് നല്‍കാനുമാകാം അവരെ ഇന്നാട്ടിലേക്ക് കൊണ്ടു വന്നതെന്ന് കരുതപ്പെടുന്നു.
എഴുത്തച്ഛന്റെ ശോകം മാറ്റിയ ശോകനാശിനിപ്പുഴയുടെ തീരത്ത്, വശ്യസുന്ദരമായ ഭൂമിയിലാണ് തെക്കേ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇരുനൂറിലധികം കുടുംബങ്ങളുണ്ട് ഇവിടെ. അധികവും യജുര്‍വ്വേദികളാണ് ധര്‍മ്മശാസ്താവാണ് അഗ്രഹാരത്തിന്റെ പരദേവതയായി കാണപ്പെടുന്നത്. അഗ്രഹാരത്തിന് നടുവിലുള്ള കുളത്തിന്റെ രണ്ട് കരകളിലാണ് ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറന്‍ ഗ്രാമവും കിഴക്കന്‍ ഗ്രാമവും. കിഴക്ക് വശത്താണ് മഹാദേവക്ഷേത്രമുള്ളത.് ക്ഷേത്രത്തില്‍ ഉപദേവനായാണ് ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവഭഗവാന്റെ ദൃഷ്ടിയില്‍ അഗ്നി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രശ്‌നം വെച്ചതിന്റെ അടിസ്ഥാനത്തിലാണ് പടിഞ്ഞാറന്‍ ഗ്രാമത്തില്‍ ധര്‍മ്മശാസ്താവിന് ക്ഷേത്രം പണിതത്. അവിടെ ഉപദേവനായി സുബ്രഹ്മണ്യ മൂര്‍ത്തിയേയും പ്രതിഷ്ഠിച്ചു തൊട്ടടുത്ത തന്നെ ശ്രീകൃഷ്ണ ക്ഷേത്രവും നിര്‍മ്മിച്ചു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ദര്‍ശനത്തിലാണ് ധര്‍മ്മശാസ്താക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവുമുള്ളത്. ഗ്രാമദേവത അയ്യപ്പ സ്വാമിയാണ്. അഗ്രഹാരത്തില്‍ അയ്യപ്പക്ഷേത്രം, ശ്രീരാമക്ഷേത്രം, വിശാലാക്ഷി വിശ്വേശ്വര ക്ഷേത്രം, മീനാക്ഷി സുന്ദരേശ ക്ഷേത്രം എന്നിവയുമുണ്ട്.
കൊച്ചിരാജാവ് തന്റെ രാജ്യത്തിലെ വൈദിക പുരോഗതിക്ക് വേണ്ടിയാണ് തിരുനല്‍വേലി, മധുര, കുംഭകോണം, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വേദപ്രമുഖരായ ബ്രാഹ്മണരെ കൊണ്ടുവന്ന് അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ചു താമസിപ്പിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെയത്രേ തത്തമംഗലത്ത് അഗ്രഹാരം നിലവില്‍ വരുന്നത്. ജപമണിയിലെ മുത്തുകള്‍ പോലെയാണ് അഗ്രഹാരഭവനങ്ങള്‍. ഭവന സന്ദര്‍ശനത്തിനായി ധര്‍മ്മശാസ്താവ് ഏഴുദിവസം ഗ്രാമവീഥിയിലെത്തും. ഗരുഢ വാഹനം ,അശ്വവാഹനം, വ്യാഘ്ര വാഹനം, പുഷ്പപ്പല്ലക്ക് എഴുന്നള്ളത്തുകളും ,രഥഘോഷയാത്ര, പെരുങ്കുളത്തേര് (തെപ്പത്തേര്) തുടങ്ങിയവും വിശേഷാല്‍ ഉത്സവക്കാഴ്ചകളാണ്.
ഡിസംബര്‍ പതിനാലിന് രാവിലെ ഗണപതിഹോമത്തോടുകൂടി ഒരാഴ്ച നീളുന്ന ഉത്സവത്തിന് തുടക്കമാകും. ശര്‍ക്കര പായസത്തോടു കൂടിയുള്ള അന്നദാനമാണ് രഥോത്സവത്തിന്റെ വിശേഷാല്‍ വഴിപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക