ശബരിമല സന്നിധാനത്ത് അയ്യപ്പദര്‍ശനത്തിനായി കഴിഞ്ഞ ദിവസം കാത്തുനിന്ന പത്മശ്രീ എന്ന പത്തു വയസ്സുകാരിയായ മാളികപ്പുറം കുഴഞ്ഞുവീണു മരിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ഇക്കാര്യം സ്വമേധയാ പൊതുതാല്പര്യ ഹര്‍ജിയായി സ്വീകരിക്കേണ്ടതാണ്. ഈ മരണം അപകടമരണം അല്ല. 18 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ട ക്യൂവില്‍ നിന്ന, ദിവസങ്ങളോളം കാല്‍നടയാത്രയായി വന്ന അയ്യപ്പന്മാരും മാളികപ്പുറങ്ങളുമുണ്ട്. മാളികപ്പുറങ്ങളുടെ പ്രായപരിധി 10 വയസ്സില്‍ താഴെയും 50 വയസ്സിന് മുകളിലുമാണ്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഞെങ്ങി ഞെരുങ്ങി ശ്വാസം എടുക്കാനാവാതെ ഇത്രയും വലിയ തിരക്കില്‍ ജയില്പുള്ളികളെക്കാള് മോശമായി ഇരുമ്പ് ഗ്രില്‍ വെച്ച് പൂട്ടി ഭക്തരെ മൃഗങ്ങളെക്കാള്‍ മോശമായി പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ശബരിമലയുടെ ചുമതലയുള്ള ദേവസ്വം കമ്മീഷണറും സ്പെഷ്യല്‍ ഓഫീസറും പത്തനംതിട്ട ജില്ലാ കളക്ടറും എവിടെപ്പോയി? ഈ പിഞ്ചു മാളികപ്പുറത്തിന്റെ മരണം കൊലപാതകമോ നരഹത്യയോ ആക്കി തന്നെ ഈ ഉന്നതര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് തയ്യാറാകണം.
സന്നിധാനത്തേക്ക് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര് നരകതുല്യമായ യാതനയാണ് അനുഭവിക്കുന്നത്. ആ യാതനയുടെ പ്രതീകവും രക്തസാക്ഷിയും ആണ് പത്മശ്രീ എന്ന കുഞ്ഞു മാളികപ്പുറം. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ശബരിമല തീര്‍ത്ഥാടനത്തില്‍ നടന്നത് നാളിതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ്. 18 മുതല്‍ 24 മണിക്കൂര്‍ വരെ ക്യൂ നീണ്ടു. ഇരുമ്പ് ഗ്രില്ല് കൂട്ടില്‍ മണിക്കൂറുകളോളം ഇരിക്കാന്‍ പോലും സ്ഥലമില്ലാതെ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ള അയ്യപ്പന്മാര് വന്‍ ദുരിതമാണ് അനുഭവിച്ചത്. നിരവധി അയ്യപ്പഭക്തര്‍ പലയിടത്തും മതില് ചാടിയും വേലി പൊളിച്ചും ദര്‍ശനം നടത്താതെ തിരിച്ചുപോയി. 41 ദിവസം ശബരിമല ദര്‍ശനത്തിനായി വ്രതംനോറ്റ് സന്നിധാനത്തേക്ക് എത്താന്‍ കഴിയാതെ തിരിച്ചുപോകുന്ന അയ്യപ്പഭക്തരുടെ വേദന ദേവസ്വം ബോര്‍ഡിനും സംസ്ഥാന ഭരണകൂടത്തിനും തിരിച്ചറിയാനാകണം.
വെള്ളിയാഴ്ചയും ശനിയാഴ്ചയും പമ്പയില്‍ തന്നെ മൂന്നും നാലും മണിക്കൂര്‍ ക്യൂ നിന്നാണ് ഭക്തരെ മുകളിലേക്ക് കടത്തിവിട്ടത്. പമ്പയിലെയും സന്നിധാനത്തെയും ക്യൂ കോംപ്ലക്സ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ശബരിമല പോലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരുലക്ഷത്തോളം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റില്‍ 70-80 പേരെ വീതം പതിനെട്ടാം പടി കടത്തിവിടണമെന്നാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസവും 50 തില്‍ താഴെ ഭക്തരെ മാത്രമാണ് പടി കയറ്റി വിട്ടത്. ദര്‍ശനത്തിനായുള്ള ക്യൂ ശബരിപീഠം വരെ നീണ്ടു. കുട്ടികളായ അയ്യപ്പഭക്തര്‍ ക്ഷീണിച്ചു തളര്‍ന്നുവീണതോടെ മലപ്പുറം വണ്ടൂരില്‍ നിന്ന് എത്തിയ ശിവന് എന്ന ഭക്തന്റെ നേതൃത്വത്തിലുള്ള സംഘം എട്ടു കുട്ടികളുമായി ദര്‍ശനം നടത്താതെ മടങ്ങിപ്പോയി.
വെര്‍ച്വല്‍ ക്യൂ സമ്പ്രദായം എങ്ങനെ പരാജയപ്പെട്ടു എന്നകാര്യം പരിശോധിക്കണം. ശബരിമലക്ഷേത്രവും ദക്ഷിണ ഭാരതത്തിന്റെ മുഴുവന്‍ ഭാഗത്തുനിന്നും എത്തുന്ന ഭക്തജനപ്രവാഹവും തകര്‍ക്കാനും തടയാനും തുടങ്ങിയ ശ്രമങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ശബരിമലക്ഷേത്രം തീവെയ്പ് കേസ് അന്വേഷിച്ച അന്നത്തെ പോലീസ് ഡിഐജി നല്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അതിന്റെ ഗൂഢാലോചനയും അന്വേഷണം നടത്തേണ്ട കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞിരുന്നെങ്കിലും പിന്നീട് അധികാരത്തിലെത്തിയ മതേതര സര്‍ക്കാരുകള്‍ വോട്ടുബാങ്കുകളെ കരുതി അന്വേഷണം നടത്തിയില്ല. ശബരിമലയിലും പിന്നീട് അയ്യപ്പന്റെ പൂങ്കാവനമായ നിലയ്ക്കലിലും പള്ളി പണിയാന്‍ നടത്തിയ ശ്രമങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്. ശബരിമലയിലെ മേല്‍ശാന്തിയെ പള്ളിയില്‍ കൊണ്ടുപോയി തങ്ങളുടെ മതം ശബരിമലയ്ക്ക് മുകളിലാണെന്ന് വരുത്താന്‍ നടത്തിയ ശ്രമവും ഇത്തരം ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇത്തരം ശക്തികള്‍ ശബരിമല തീര്‍ഥാടനത്തിന്റെ ശരണപാതകളില്‍ മുഴുവന്‍ ഭക്തരെ ചൂഷണം ചെയ്യാന്‍ നിലകൊള്ളുന്നു.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്. പ്രശാന്ത് ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചുമതലയേറ്റത്. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷമായി ദേവസ്വം ബോര്‍ഡിന്റെ ചുമതല വഹിച്ചിരുന്ന അനന്തഗോപന്‍ അടക്കമുള്ള ആളുകള്‍ ഈ തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് എന്ത് സൗകര്യങ്ങളാണ് ഒരുക്കിയതെന്നകാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങളാണ് ഈ കാനനക്ഷത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഈ ആചാരവും അനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ചില സംഘടിത ശക്തികളുടെയും രാഷ്ട്രീയക്കാരുടെയും പ്രധാന ശ്രമം. ഇക്കാര്യം ഹിന്ദു സംഘടനകളും അയ്യപ്പഭക്തരും തിരിച്ചറിയണം.
നേരത്തെ പ്രതിദിനം 90,000പേര്‍ക്ക് ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കിയിരുന്നത്. ഇത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചര്‍ച്ചചെയ്താണ് 80,000 ആക്കി കുറച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് 50,000 പേരെ മാത്രം പടികയറ്റി വിടുന്ന സംവിധാനം വന്നത് എന്നകാര്യം പരിശോധിക്കേണ്ടതില്ലേ. പതിനെട്ടാം പടിയില്‍ ഉണ്ടായ ഈ അവധാനതയാണ് ആയിരക്കണക്കിന് അയ്യപ്പന്മാരും മാളികപ്പുറങ്ങളും പമ്പ വരെ 18 മുതല്‍ 24 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ നേരത്തെ കോടതിയെ അറിയിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ പത്രമാധ്യമങ്ങളിലൂടെ വാര്‍ത്ത നല്കിയതുമായ സ്പോട്ട് ബുക്കിംഗ് സംവിധാനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ശനിയാഴ്ച ശബരിമലക്കാര്യം സ്വമേധയാ പരിഗണിച്ച കോടതി വ്യക്തമായ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡിന് നല്കി. ക്യു കോംപ്ലക്സുകളില്‍ അടക്കം തിരക്കുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം, ചുക്ക് വെള്ളവും ബിസ്ക്കറ്റും നല്‍കണം, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം, തിരക്കുള്ള സ്ഥലങ്ങളില്‍ വോളണ്ടിയര്‍മാര്‍ വേണം എന്നീ നിര്‍ദ്ദേശങ്ങളാണ് കോടതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് പമ്പ് മുതല്‍ ശബരിപീഠം വരെ 16 ഷെഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ശബരിപീഠം മുതല്‍ മരക്കൂട്ടം വരെ രണ്ടു പൈലറ്റ് ക്യൂ കോംപ്ലക്സ് ഉണ്ട്, മരക്കൂട്ടത്തില് നിന്ന് ശരംകുത്തി വരെ ആറ് ക്യൂ കോംപ്ലക്സ് ഉണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബോര്‍ഡ് ബോധിപ്പിച്ചത്. ഒരു ദിവസം ഒരുലക്ഷം അയ്യപ്പഭക്തര്‍ എത്തുന്ന സന്നിധാനത്തെ സൗകര്യങ്ങള്‍ അതിനനുസൃതമായാണോ ഒരുക്കിയിരിക്കുന്നത് എന്ന് കോടതി പരിശോധിക്കണം. ആയിരക്കണക്കിന് ഭക്തര്‍ക്ക് വിരിവെക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ തിരക്കില്ലാത്ത നിര്‍വഹിക്കാനോ ഉള്ള സംവിധാനം ഇന്ന് പമ്പ മുതല്‍ സന്നിധാനം വരെ ഇല്ല. നേരത്തെ അയ്യപ്പ സേവാസമാജം അടക്കമുള്ള സംഘടനകള്‍ക്ക് സൗജന്യ അന്നദാനത്തിനുള്ള അനുവാദം നല്‍കിയിരുന്നു. പതിനെട്ടു മുതല്‍ 24 മണിക്കൂര്‍ വരെ ക്യൂ നില്ക്കുന്ന അയ്യപ്പഭക്തര്‍ക്ക് വശങ്ങളിലേക്ക് ഇറങ്ങി പൊതു പൈപ്പില്‍ നിന്നോ കുടിവെള്ള വിതരണ കേന്ദ്രത്തില്‍ നിന്നോ വെള്ളം വാങ്ങാന്‍ കഴിയില്ല. കുത്തിനിറച്ച് ശ്വാസംമുട്ടി നില്ക്കുന്ന ഇപ്പോഴത്തെ ക്യൂ സമ്പ്രദായത്തിന് മാറ്റം വരണം. പമ്പ മുതല്‍ സന്നിധാനം വരെ ക്യൂവില്‍ ഉള്ളവര്‍ക്ക് കുടിവെള്ളം കൊടുക്കാന്‍ സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കണം. ഓരോ അര കിലോമീറ്ററിലും ഇതിന്റെ ചുമതല വഹിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ഉണ്ടാവണം.
നേരത്തെ തീര്‍ത്ഥാടന കാലത്തിന് മുമ്പ് മാതാ അമൃതാനന്ദമയി മഠവും കേരള പോലീസും ഒക്കെ തന്നെ ശുചീകരണം നടത്തിയിരുന്നു. കേരള പോലീസില്‍ പച്ചവെളിച്ചവും ചെങ്കൊടിയും സജീവമായപ്പോള്‍ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാനാണ് ചിലര്‍ മുന്‍കൈയെടുത്തത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ക്ക് മലകയറുമ്പോള്‍ ഹൃദ്രോഗ ബാധ ഉണ്ടാകുന്നിടത്ത് സൗജന്യസേവനം നല്‍കാമെന്ന് പറഞ്ഞ ആതുരസേവന സംഘടനകളെയും ഒഴിവാക്കി. ഈ സംവിധാനങ്ങള്‍ എല്ലാം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചെയ്യുകയാണെങ്കില്‍ കുഴപ്പമില്ല. മറ്റുള്ളവരെക്കൊണ്ട് സന്നദ്ധസേവനമായി പോലും ചെയ്യിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഉണ്ടാക്കണ്ടേ? ഇക്കുറി പോലീസിന്റെ പെരുമാറ്റം ദയ ഇല്ലാത്തതും മൃഗീയവുമാണെന്ന് അയ്യപ്പഭക്തര്‍ പറഞ്ഞത് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ്ഠൂരമായും ഹീനമായും പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കരുത്ത് പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല സന്നിധാനം. പമ്പ മുതല്‍ സന്നിധാനം വരെ പലയിടത്തും കുടിവെള്ള ടാപ്പ് വെച്ചിട്ടുണ്ടെങ്കിലും വെള്ളം കുടിക്കാന്‍ ഗ്ലാസ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ശബരി പീഠത്തിന് സമീപം ഒരു താല്‍ക്കാലിക ശൗചാലയം മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണത്തിനും അതിന്റെ പരിപാവനതയ്ക്കും വേണ്ടി പോരാടിയ ആയിരങ്ങള്‍ ഇന്നും കോടതിയും കേസുമായി നടക്കുന്നുണ്ട്. ശബരിമലയുടെ വിശ്വാസം സംരക്ഷിക്കാനും അതിന്റെ തീര്‍ത്ഥാടനം സുഗമമാക്കാനും ഭക്തര്‍ക്ക് പ്രയാസമില്ലാതെ ദര്‍ശനം നടത്താനും സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നേ മതിയാകു. ക്യൂവിലുള്ള ഭക്തര്‍ക്ക് ലഘു ഭക്ഷണവും വെള്ളവും കൊടുക്കാന്‍ സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കുന്നതില്‍ എന്താണ് തടസ്സം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണം, സന്നിധാനത്തെ വിരിവെക്കുന്ന സൗകര്യം, കുടിവെള്ളം നല്‍കുന്നത്, വൈദ്യസഹായം എന്നിവ സന്നദ്ധ സംഘടനകളെയും ഹൈന്ദവ ആശ്രമങ്ങളെയും ഉള്‍പ്പെടുത്തി ചെയ്യുന്നതില്‍ ആര്‍ക്കാണ് ഭയം? ഇനി ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: