കൊച്ചി: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിന്റെ 50 വര്‍ഷം തികയുന്ന വേളയില്‍ അന്നത്തെ താരങ്ങളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം ഇന്നലത്തെ ആദരിക്കല്‍ ചടങ്ങില്‍ എത്തിചേര്‍ന്നു. അന്നത്തെ ഫൈനല്‍ നടന്ന എറണാകുളം മഹാരാജസ് ഗ്രൗണ്ടിലായിരുന്നു ആ സംഗമം. വന്ന താരങ്ങളിലെല്ലാം വിങ്ങുന്ന ഓര്‍മ്മയായത് അന്നത്തെ ടീമില്‍ നിന്നു വിയോഗപ്പെട്ടവരെ ഓര്‍ത്തായിരുന്നു.
അന്നത്തെ ജേഴ്സിയും ഫൈനല്‍ കളിച്ച പന്തുമായി ഇന്നലെ അവര്‍ വീണ്ടും മഹാരാജാസ് മൈതാനത്തേക്കിറങ്ങി. അന്ന് കേരളത്തിന്റെ ഹീറോ കാപ്റ്റനായിരുന്ന മണിയുള്‍പ്പെടെ ഒന്‍പത് കളിക്കാര്‍ (മണി, ദേവാനന്ദ്, രത്നാകരന്, ചേക്കു, ഉസ്മാന്‍കോയ, ജോണ്‍ കെ. ജോണ്‍, എം. ഒ. ജോസ്, പെരുമാള്‍, എം. ആര്. ജോസഫ്) ഇന്ന് ജീവിച്ചിരിപ്പില്ല. സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്ലേയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേത്യത്വത്തിലായിരുന്നു കൊച്ചിയിലെ മഹാരാജാസ് ഗ്രൗണ്ടില്‍ 1973 ലെ സന്തോഷ് ട്രോഫി വിജയികളെ ആദരിച്ചത്.
1973 ഡിസംബര്‍ 27ന്റെ സായാഹ്നത്തിലാണ് കേരളം റെയില്‍വേയ്സിനെ തോല്‍പ്പിച്ച് ആദ്യമായി കിരീടം നേടിയത്. അന്ന് ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസ താരങ്ങളുമായി കളിക്കാനിറങ്ങിയ ഇന്ത്യന്‍ റെയില്‍വേസിനെ 3-2 മാര്‍ജിനില്‍ തോല്പിച്ചാണ് കാപ്റ്റന്‍ മണിയുടെ നേതൃത്വത്തിലുള്ള കേരളം ചാമ്പ്യന്മാരായത്. മത്സരത്തിന്റെ എഴുപതാം മിനിറ്റില്‍ കാപ്റ്റന്‍ മണി തൊടുത്ത ബുള്ളറ്റ് ഷോട്ടാണ് കേരളത്തിന്റെ വിജയ ഗോളും ചരിത്രവുമായത്. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ കോച്ചിങ് മികവും, കേരളാ ടീമിലെ ഓരോ കളിക്കാരുടേയും മിന്നുന്ന പ്രകടനവുമെല്ലാം ആ വിജയത്തിന്റെ ശക്തമായ ഇന്ധനങ്ങളായിരുന്നു.
ആ സുവര്‍ണ്ണ നേട്ടം കേരളത്തിന്റെ ഫുട്ബോള്‍ വളര്‍ച്ചയിലേക്കുള്ള ആദ്യ കാല്വെയ്പായിമാറി. ഇന്ത്യന്‍ ഫുട്ബോളിന് കരുത്തരായ താരങ്ങളെ സംഭാവന ചെയ്യാന്‍ കേരളത്തിന് സാധിച്ചത് തന്നെ ഈ വിജയം നല്കിയ പ്രചോദനയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: